ബാഴ്‌സലോണ മ്യൂസിയത്തിൽ മെസിയുടെ മെഴുകുപ്രതിമ, ആരോൺ റാംസിയാണോയെന്ന് ആരാധകർ

Dec 5, 2020, 11:11 AM GMT+5:30
Wax Museum Inauguration In Barcelona
Wax Museum Inauguration In Barcelona | Miquel Benitez/Getty Images
facebooktwitterreddit

ക്ലബ് നായകനായ ലയണൽ മെസിയുടെ മെഴുകുപ്രതിമ ബാഴ്‌സലോണ മ്യൂസിയത്തിൽ അനാവരണം ചെയ്‌തത്‌ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ആകാശത്തേക്ക് വിരൽ ചൂണ്ടി ഗോളാഘോഷം നടത്തുന്ന മെസിയുടെ ശരീരഭാഷ വളരെ കൃത്യമായി പ്രതിമക്കുണ്ടെങ്കിലും മുഖം മെസിയെപ്പോലെ തോന്നുന്നില്ലെന്നതാണ് ആരാധകരുടെ രസകരമായ പ്രതികരണങ്ങൾക്ക് വഴിവെച്ചത്.

അടുത്തിടെയാണ് ആറു മില്യൺ യൂറോ ചിലവാക്കി ബാഴ്‌സലോണ മ്യൂസിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നൂറ്റിയിരുപതോളം മെഴുകുപ്രതിമകളുള്ള മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മെസിയുടെ മെഴുകുപ്രതിമ മാറുമെന്നാണ് ശില്പിയായ ടോണി ക്രൂസിന്റെ അഭിപ്രായമെങ്കിലും നിലവിൽ അത് ആരാധകരുടെ രസകരമായ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ഏതു ഫുട്ബോൾ താരത്തെയാണ് ശരിക്കും ഉദ്ദേശിച്ചതെന്നാണ് പ്രതിമയെക്കുറിച്ച് ട്വിറ്ററിൽ വരുന്ന ആരാധകരുടെ പ്രതികരണങ്ങൾ. ആരോൺ റാംസി, യാൻ ഒബ്ലാക്ക്, മിറാലം പ്യാനിച്ച് എന്നിവരുമായി മെസിയുടെ പ്രതിമക്ക് വളരെയധികം സാമ്യമുണ്ടെങ്കിലും മെസിയുമായി യാതൊരു ബന്ധവുമില്ലെന്ന് ആരാധകർ പറയുന്നു.

ചില ആരാധകർ നിർജ്ജീവമായ മെസിയുടെ കണ്ണുകളാണ് പ്രശ്‌നമായി പറയുന്നത്. എന്നാൽ എല്ലാ മെഴുകുപ്രതിമകൾക്കും അത് സ്വാഭാവികമാണെന്നാണ് ഇതു സംബന്ധിച്ച വിശദീകരണം. എന്തായാലൂം ലോകം മുഴുവൻ അറിയപ്പെടുന്ന മെസിയുടെ മുഖം പ്രതിമ നിർമിച്ചയാൾക്ക് അറിയില്ലേയെന്നും ആരാധകർ ചോദിക്കുന്നു.

ഇതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ പോർചുഗലിലെ വിമാനത്താവളത്തിൽ അനാവരണം ചെയ്‌തപ്പോഴും സമാനമായ രീതിയിൽ ആരാധകർ പ്രതികരിച്ചിരുന്നു. പോർച്ചുഗൽ നായകനുമായി യാതൊരു സാമ്യവുമില്ലാത്ത പ്രതിമ പിന്നീട് നീക്കം ചെയ്യപ്പെടുകയും ചെയ്‌തു. സമാനമായ രീതിയിൽ മെസിയുടെ പ്രതിമയും വിമർശനങ്ങൾ മൂലം മാറ്റി സ്ഥാപിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

facebooktwitterreddit