പ്രീ-സീസൺ മത്സരത്തിൽ ഹാരി മഗ്വയറിനെ കൂക്കിവിളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ


ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ട് യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടി വന്ന താരങ്ങളിൽ ഒരാളാണ് ഹാരി മഗ്വയർ. ഈ സീസണിലും ആ കാര്യത്തിൽ രക്ഷയില്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
മെൽബണിൽ വെച്ച് ചൊവ്വാഴ്ച ക്രിസ്റ്റൽ പാലസിനെതിരെ നടന്ന പ്രീസീസൺ സൗഹൃദമത്സരത്തിൽ മഗ്വയറിനെതിരെ ആരാധകർ കൂക്കി വിളിച്ചു. മത്സരം തുടങ്ങിയ ആദ്യ മിനുട്ടുകളിൽ തന്നെ മഗ്വയർക്ക് പന്ത് ലഭിച്ചപ്പോഴെല്ലാം കൂക്കിവിളികൾ ഉയർന്നു.
Harry Maguire got booed every time he touched the ball in today's pre-season friendly. 👎 pic.twitter.com/38jPeKxs6U
— Football Tweet ⚽ (@Football__Tweet) July 19, 2022
അതേ സമയം, മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 3-1ന് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രീ-സീസണിൽ എറിക് ടെൻ ഹാഗിന് കീഴിലുള്ള മികച്ച പ്രകടനം തുടർന്നു. ഒരു വിഭാഗം കാണികളിൽ കൂക്കിവിളിച്ചെങ്കിലും, മത്സരത്തിൽ സാമാന്യം മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനായ മഗ്വയറുടേത്.
അതേ സമയം, മഗ്വയറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും, താരത്തിന് മികച്ച പിന്തുണയാണ് എറിക് ടെൻ ഹാഗ് നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായി മഗ്വയർ തുടരുമെന്ന് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സീസണിൽ താരത്തിന്റെ പൊസിഷനിലേക്ക് മത്സരസാധ്യത കൂടുതൽ ഉള്ളതിനാൽ ടീമിലെ സ്ഥാനത്തിനായി പോരാടേണ്ടതുണ്ടെന്ന സൂചനയും ടെൻ ഹാഗ് നൽകുന്നുണ്ട്.
ടീം ക്യാപ്റ്റനായി മഗ്വയറെ നിലനിറുത്തുന്നത് താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചപ്പോൾ ടെൻ ഹാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു: "അതിന് സഹായിക്കാനാകും. എനിക്ക് കഴിയുന്നിടത്തെല്ലാം ഞാൻ അവനെ പിന്തുണയ്ക്കും. എന്നിരുന്നാലും, അവൻ അത് സ്വയം ചെയ്യേണ്ടതുണ്ട്. അത് ചെയ്യാനുള്ള ഗുണങ്ങൾ അവനുണ്ട്," ടെൻ ഹാഗ് പറഞ്ഞു.
മഗ്വയറെ ക്യാപ്റ്റനായി നിലനിറുത്തുന്നതിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ടെൻ ഹാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഇല്ല. ഞാൻ തീരുമാനിക്കേണ്ട ഒരു വിഷയമായാണ് എപ്പോഴും ക്യാപ്റ്റൻസിയെ ഞാൻ കാണുന്നത്. ടീം കെട്ടിപ്പടുക്കുന്നത് പ്രധാനമാണ്, ഞാൻ എപ്പോഴും ഒരു കൂട്ടം നേതാക്കളെക്കുറിച്ചാണ് സംസാരിക്കുന്നത്. ക്യാപ്റ്റൻ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ അവനിൽ സന്തുഷ്ടനാണ്."
മഗ്വയർ ഫസ്റ്റ് ചോയ്സ് സെന്റർ ബാക്ക് ആണോ എന്ന ചോദ്യത്തോട് ടെൻ ഹാഗ് ഇങ്ങനെയാണ് പ്രതികരിച്ചത്: "അവൻ [ഫസ്റ്റ് ചോയ്സ്] ആണ്. അവൻ ഇത് മുൻകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട്, എന്നാൽ വർത്തമാനകാലത്തും ഭാവിയിലും അത് തെളിയിക്കേണ്ടതുണ്ട്... ഹാരി ശരിക്കും ശ്രദ്ധേയനാണ്, ഞാൻ അവനിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു, പക്ഷേ ഒരു ആന്തരിക മത്സരമുണ്ട്, അതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെയുള്ള ക്ലബ്ബിനു ആവശ്യമുള്ളത്," അദ്ദേഹം കൂട്ടിച്ചേർത്തു.