Football in Malayalam

ഗോള്‍ നേട്ടം ആഘോഷിക്കാതെ സിയെച്ച്, ചെല്‍സി ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്ന് ആരാധകർ

Haroon Rasheed
Brighton & Hove Albion v Chelsea - Premier League
Brighton & Hove Albion v Chelsea - Premier League / Robin Jones/GettyImages
facebooktwitterreddit

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയിട്ടും ആഘോഷിക്കാതെ മൊറോക്കോന്‍ താരം ഹക്കീം സിയെച്ച്. ഇതോടെ ചെല്‍സിയുടെ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്ന ആരോപണവുമായി ആരാധകര്‍. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരേ നടന്ന മത്സരത്തിന്റെ 28ാം മിനുട്ടിലായിരുന്നു സംഭവം.

മത്സരത്തില്‍ ഹക്കീം സിയെച്ച് ഗോള്‍ നേടിയപ്പോള്‍ സഹതാരങ്ങള്‍ സിയെച്ചിനെ അഭിനന്ദിക്കാന്‍ ഓടിയെത്തിയെങ്കിലും ഒരു ചിരി പോലും നല്‍കാന്‍ സിയെച്ച് തയ്യാറായില്ല. ഇതോടെയാണ് ചെല്‍സിയുടെ ഡ്രസിങ് റൂമില്‍ താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന സംശയം ബലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പലരും സിയെച്ചിനെ വിമര്‍ശിച്ചും സപ്പോര്‍ട്ട് ചെയ്തും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ പകുതിയുടെ ഇടവേളയിൽ റൊമേലു ലുക്കാക്കുവുമായി സിയെച്ച് ചുടേറിയ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

സിയെച്ചിന്റെ രണ്ട് പാസുകള്‍ ലക്ഷ്യം തെറ്റിയപ്പോള്‍ ലൂക്കാക്കു അതൃപ്തി പ്രകടിപ്പിക്കുന്ന കാഴ്ചയും കണ്ടിരുന്നു. ഇതെല്ലാം കണ്ടതോടെയാണ് ഇപ്പോഴും ചെല്‍സിയുടെ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടെന്ന നിഗമനത്തില്‍ ആരാധകര്‍ എത്തിയത്.

മത്സരത്തിന്റെ 60ാം മിനുട്ടില്‍ ആദം വെബ്സ്റ്ററിന്റെ ഗോളില്‍ ബ്രൈറ്റണ്‍ സമനില കണ്ടെത്തിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരം സമനിലയിലായതോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള ചെല്‍സിയുടെ സുവര്‍ണാവസരം നഷ്ടമാവുകയും ചെയ്തു. 23ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ടോട്ടന്‍ഹാമിനെതിരേയാണ് ചെല്‍സിയുടെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit