Football in Malayalam

മെക്‌സിക്കൻ ലീഗിലെ കലാപം, ലോകകപ്പ് മെക്‌സിക്കോയിൽ നിന്നും ഒഴിവാക്കണമെന്ന് ആരാധകർ

Sreejith N
Aftermath of The Riot Occurred During The Match Queretaro v Atlas of Liga MX
Aftermath of The Riot Occurred During The Match Queretaro v Atlas of Liga MX / Hector Vivas/GettyImages
facebooktwitterreddit

ടോപ് ടയർ മെക്‌സിക്കൻ ഫുട്ബോൾ ലീഗായ ലിഗ എംഎക്‌സിൽ ക്യുയേറെറ്റാറോയും അറ്റ്ലസും തമ്മിൽ കൊറെഗിദോറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ആരാധകർ ഉണ്ടാക്കിയ കലാപത്തെ തുടർന്ന് 2026 ലോകകപ്പ് വേദി മെക്‌സിക്കോയിൽ നിന്നും മാറ്റണമെന്ന് ആരാധകരുടെ ആവശ്യം. സംഘർഷത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തിനാലു പേർക്ക് പരിക്ക് പറ്റുകയും മൂന്നു പേർ ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്‌തിരുന്നു.

മത്സരത്തിനിടെ കാണികളുടെ സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഘർഷങ്ങൾ ഉടലെടുക്കുകയും അത് വ്യാപിക്കുകയും ആയിരുന്നു. ഇതേത്തുടർന്ന് അറുപത്തിരണ്ടു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മത്സരം ബന്ധപ്പെട്ട അധികാരികൾ നിർത്തിവെച്ചു. ഇതിനു പിന്നാലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കു പുറത്തു കടക്കാൻ സെക്യൂരിറ്റി ഗാർഡുകൾ ഗേറ്റുകൾ തുറക്കുകയും ചെയ്‌തു.

സംഘർഷത്തെ തുടർന്ന് മെക്‌സിക്കൻ ലീഗിലെ മത്സരങ്ങൾ മാറ്റി വെച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ആവേശത്തിന് തുരങ്കം വെക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളിൽ വളരെയധികം നിരാശ രേഖപ്പെടുത്തുന്നുവെന്ന് മെക്‌സിക്കൻ സോക്കർ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ച് ഞായറാഴ്‌ച നടക്കാനിരുന്ന മൂന്നു മത്സരങ്ങൾ മാറ്റി വെക്കുകയായിരുന്നു.

ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ കലാപത്തെ തുടർന്ന് മെക്‌സിക്കോക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നുണ്ട്. 2026 ലോകകപ്പ് വേദികളിൽ ഒന്നായ മെക്‌സിക്കോയെ അതിൽ നിന്നും ഒഴിവാക്കി ശിക്ഷിക്കണമെന്നാണ് ആരാധകരിൽ പലരും ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit