ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ഷണം നിരസിച്ച് 14കാരന് എവർട്ടൻ ആരാധകൻ

പ്രീമിയര്‍ ലീഗില്‍ എവര്ട്ടണ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആക്രമിച്ചെന്ന് ആരോപിച്ച 14കാരന് എവർട്ടൺ ആരാധകൻ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ ക്ഷണം നിരസിച്ചു. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെയുള്ള മത്സരത്തിൻ ശേഷമായിരുന്നു അപ്റ്റണില് നിന്നുള്ള സാറ കെല്ലിയുടെ 14കാരനായ മകന് ജെയ്ക്ക് ഹാര്‍ഡിങ്ങിന്റെ ഫോണ്‍ റൊണാള്‍ഡോ തല്ലി താഴെയിട്ടത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കികുയും ചെയ്തിരുന്നു.
ഇത് വിവാദമായതോടെ റൊണാൾഡോ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. “നമ്മള് അഭിമുഖീകരിക്കുന്നത് പോലുള്ള വിഷമകരമായ നിമിഷങ്ങളില്‍ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരിക്കലും എളുപ്പമല്ല. എന്നിരുന്നാലും, ഞങ്ങള്‍ എല്ലായ്പ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം, മനോഹരമായ ഗെയിമിനെ ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും മാതൃകയാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പൊട്ടിത്തെറിക്ക് ക്ഷമാപണം നടത്തുന്നു. ഫെയർ പ്ലേയുടെയും സ്പോർട്സ്മാൻഷിപ്പിന്റെയും അടയാളമായി, സാധ്യമെങ്കില്‍, ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു മത്സരം കാണാന്‍ ഈ (എവര്ട്ടണ്) ആരാധകനെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ഇങ്ങനെയായിരുന്നു റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ക്ലബിലും റൊണാള്‍ഡോയുടെ പരസ്യ പ്രതികരണത്തിലും മതിപ്പുളവാക്കിയിട്ടില്ലെന്നും അക്രമത്തിനിരയായെന്ന് അവകാശപ്പെടുന്ന ബാലന്റെ മാതാവ് സാറ തിങ്കളാഴ്ച ലിവർപൂൾ എക്കോയോട് വ്യക്തമാക്കി.
"ആരെങ്കിലും അവനെ തെരുവില്‍ അക്രമിക്കുകയും, അതിന് ശേഷം അത്താഴത്തിന് വരാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്താല്‍ ഞങ്ങള്‍ അത് ചെയ്യില്ല. ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നത് കൊണ്ട് മാത്രം, ഞങ്ങൾ എന്തിന് അത് ചെയ്യണം? ഇത് ഞങ്ങൾ അവനോട് കടപ്പെട്ടിരിക്കുന്നത് പോലെയാണ്. എന്നോട് ക്ഷമിക്കണം, ഞങ്ങൾക്ക് (അവനോട് കടപ്പാട്) ഇല്ല," റൊണാൾഡോയുടെ ക്ഷണത്തോടും ക്ഷമാപണത്തോടും ഇങ്ങനെയായിരുന്നു സാറ പ്രതികരിച്ചത്.
"ജെയ്ക്ക് അവിടെ പോകാൻ ആഗ്രഹിക്കാത്തതിനാലും റൊണാൾഡോയെ കാണാൻ ആഗ്രഹിക്കാത്തതിനാലും യുണൈറ്റഡിലേക്ക് പോകാനുള്ള ഓഫർ ഞങ്ങൾ താഴ്മയോടെ നിരസിച്ചു. അവൻ (ജെയ്ക്) അത് വ്യക്തമാക്കിയിട്ടുണ്ട്. ഇത് എന്റെ വാക്കുകൾ അല്ല, എന്റെ മകന്റെ വാക്കുകളാണ്. ആത്യന്തികമായി, അതാണ് എല്ലാം. എന്നെ ബാധിച്ചതിനേക്കാൾ കൂടുതൽ ഇത് അവനെ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഇക്കാര്യത്തിലെ തീരുമാനം ഞാൻ അവൻ വിട്ടിരിക്കുകയാണ് - അവന് യുണൈറ്റഡിലേക്ക് പോകണ്ട, അവന് റൊണാൾഡോയെ കാണാൻ പോകണ്ട. എല്ലാം പോലീസിന്റെ കയ്യിലാണെന്നാണ് എനിക്ക് ഇപ്പോൾ പറയാനുള്ളത്."