ഫ്രഞ്ച് ലീഗ് താരം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിലേക്ക്
By Sreejith N

ഫ്രഞ്ച് ലീഗിൽ ആർസി ലെൻസിന്റെ താരമായ ഫാകുണ്ടോ മെദിനയെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ഉൾപ്പെടുത്തുമെന്നു റിപ്പോർട്ടുകൾ. ഗാസ്റ്റൻ എഡുലിന്റെ ട്വീറ്റ് അടിസ്ഥാനമാക്കി മുണ്ടോ ആൽബിസെലെസ്റ്റെ പുറത്തു വിട്ട റിപ്പോർട്ടിലാണ് മുൻ റിവർപ്ലേറ്റ് താരം ദേശീയ ടീമിൽ ഇടം പിടിക്കുമെന്നു വ്യക്തമാക്കിയിരിക്കുന്നത്.
ചിലി, കൊളംബിയ എന്നിവർക്കെതിരെയാണ് അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്നത്. പരിക്കേറ്റ ക്രിസ്റ്റ്യൻ റൊമേറോയടക്കം നിരവധി പ്രധാന താരങ്ങൾ ഈ മത്സരങ്ങൾക്കുള്ള ടീമിലിടം നേടാനുള്ള സാധ്യതയില്ല. അതു കണക്കാക്കിയാണ് ഇരുപത്തിരണ്ടു വയസുള്ള പ്രതിരോധ താരത്തെ ടീമിലുൾപ്പെടുത്താൻ സ്‌കലോണി തീരുമാനിച്ചത്.
Facundo Medina of RC Lens called up to the Argentina national team. https://t.co/A9xzEneHBT
— Roy Nemer (@RoyNemer) January 13, 2022
ഈ സീസണിൽ ആർസി ലെൻസിനു വേണ്ടി മികച്ച പ്രകടനമാണ് മെദിന നടത്തുന്നത്. പതിനേഴു മത്സരങ്ങൾ കളിച്ച സെൻട്രൽ ഡിഫെൻഡറായ താരം ഒരു ഗോളും നേടിയിട്ടുണ്ട്. ലീഗിൽ ലെൻസ് ആറാം സ്ഥാനത്താണ്. ഇതിനു മുൻപ് രണ്ടു മത്സരങ്ങളിൽ അർജന്റീനക്കായി പകരക്കാരനായി താരം കളിച്ചിട്ടുണ്ട്.
ഫാകുണ്ടോ മെദിനക്കു പുറമെ ജിയോവാനി സിമിയോണി, യുവാൻ ഫോയ്ത്ത്, നാഹ്വൽ മോളിന, നാഹ്വൻ പെരെസ്, പൗളോ ഡിബാല, മാറ്റിയാസ് സുളെ എന്നീ താരങ്ങളെല്ലാം ടീമിലിടം നേടുമെന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ ലോകകപ്പ് യോഗ്യത നേടിയ അർജന്റീനക്ക് ഈ മത്സരങ്ങൾ പ്രധാനമല്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.