ഫ്രഞ്ച് ലീഗ് വിജയിക്കുക എളുപ്പമല്ല, ലയണൽ മെസിക്ക് മുന്നറിയിപ്പുമായി സെസ്ക് ഫാബ്രിഗസ്


നിരവധി സൂപ്പർതാരങ്ങൾ നിറഞ്ഞ പിഎസ്ജി ടീമിലേക്ക് ലയണൽ മെസി കൂടിയെത്തിയതോടെ ഫ്രഞ്ച് ലീഗ് ഇനി ഏകപക്ഷീയം ആയിരിക്കുമെന്ന് ഫുട്ബോൾ മേഖലയിൽ നിന്നുള്ള നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. നെയ്മർ, എംബാപ്പെ, ഡി മരിയ, വെറാറ്റി തുടങ്ങിയ താരങ്ങൾ നിറഞ്ഞ ടീമിലേക്ക് ഈ സമ്മറിൽ മെസി, സെർജിയോ റാമോസ്, ഡോണറുമ്മ, വൈനാൽഡം എന്നിവർ എത്തിയതോടെയാണ് മറ്റു ക്ലബുകൾ ലീഗിൽ അപ്രസക്തമാകുമെന്ന വാദങ്ങൾ ഉയരുന്നത്.
എന്നാൽ അത്തരം അഭിപ്രായങ്ങൾ തെറ്റാണെന്നും സൂപ്പർതാരങ്ങളുടെ പിൻബലമില്ലെങ്കിലും പിഎസ്ജിയെ വെല്ലുവിളിക്കാൻ കഴിയുന്ന ക്ലബുകൾ ഫ്രഞ്ച് ലീഗിലുണ്ടെന്നുമാണ് മെസിയുടെ ഉറ്റ സുഹൃത്തും മൊണാക്കോ താരവുമായ സെസ്ക് ഫാബ്രിഗാസ് പറയുന്നത്. ഡെയ്ലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് മുൻ ബാഴ്സലോണ താരം ഫ്രഞ്ച് ലീഗിനെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്.
"അവർ ഇത്രയധികം പണം ചെലവഴിച്ചത് കൊണ്ട് തന്നെ, പിഎസ്ജി ലീഗ് വിജയിച്ചില്ലെങ്കിൽ അതൊരു ദുരന്തമായി എല്ലാവരും കാണുമെന്ന് ഉറപ്പാണ്. ഒരു ടീം മാത്രമുള്ള ലീഗായാണ് എല്ലാവരും ഇതിനെ കാണുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൊണാക്കോ, ലില്ലേ എന്നിവർ അതിനെ തകർത്തു. ആളുകൾ കരുതുന്നത്ര എളുപ്പമല്ല ഫ്രഞ്ച് ലീഗ്. വേഗതയേറിയതും കരുത്തുറ്റ താരങ്ങളുള്ള, വളരെ തീവ്രതയും ആക്രമണബുദ്ധിയുമുള്ള ടീമുകൾ അവിടെയുണ്ട്," ഫാബ്രിഗാസ് പറഞ്ഞു.
മെസിയുടെ പിഎസ്ജിയിലേക്കുള്ള വരവ് ഫ്രഞ്ച് ലീഗിലാകമാനം ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും ഫാബ്രിഗാസ് പറഞ്ഞു. "എല്ലാവരും ആവേശഭരിതരാണ്. ലയണൽ മെസിക്ക് എതിരെയാണ് കളിക്കാൻ പോകുന്നതെന്ന് അവർക്കറിയാം. എല്ലാവർക്കും മെസിയുടെ ജേഴ്സിയും വേണം. നമ്മൾ ഇരുപത്തിയഞ്ചു പേരുണ്ടെന്നും മെസിയുടെ കയ്യിൽ രണ്ടു ജേഴ്സി മാത്രേ ഉണ്ടാകൂ എന്നുമാണ് ഞാൻ മറുപടി നൽകിയത്," താരം വ്യക്തമാക്കി.
നിരവധി യുവതാരങ്ങൾ അടങ്ങിയ മൊണാക്കോക്ക് മുന്നിലുള്ള വലിയൊരു പരീക്ഷയായിരിക്കും പിഎസ്ജിയുമായുള്ള മത്സരമെന്ന് ഫാബ്രിഗാസ് പറഞ്ഞു. മെസിയെക്കുറിച്ച് അമിതമായി ചിന്തിക്കാതെ തങ്ങൾക്കു കഴിയുന്നത് മൈതാനത്ത് നടപ്പിലാക്കുകയാണ് താരങ്ങൾ ചെയ്യേണ്ടതെന്നും താരം വെളിപ്പെടുത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.