ബാലൺ ഡി ഓർ ആരു നേടണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം മാറ്റിപ്പറഞ്ഞ് ഫാബ്രിഗസ്
By Sreejith N

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് വിജയം നേടിയതിനു ശേഷം ബാലൺ ഡി ഓർ ആരു നേടണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം മാറ്റിപ്പറഞ്ഞ് സ്‌പാനിഷ് താരം സെസ് ഫാബ്രിഗാസ്. മത്സരത്തിനു മുൻപിട്ട ഒരു ട്വീറ്റിൽ വ്യക്തിഗത അവാർഡുകളിൽ അത്ര താൽപര്യമില്ലെന്നു പറഞ്ഞ ഫാബ്രിഗാസ് സലാ, മാനെ, ബെൻസിമ എന്നിവർക്കാണ് സാധ്യത കൽപ്പിച്ചിരുന്നത്.
എന്നാൽ ഫൈനൽ കഴിഞ്ഞതിനു ശേഷം ഫാബ്രിഗസ് തന്റെ അഭിപ്രായം പൂർണമായും മാറ്റുന്നതാണ് കണ്ടത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ മുന്നേറ്റങ്ങൾക്കു മുന്നിൽ മഹാമേരുവായി നിന്ന ബെൽജിയൻ ഗോൾകീപ്പർ തിബോ ക്വാർട്ടുവയാണ് അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നതെന്നാണ് ഫാബ്രിഗസ് പറയുന്നു.
I would add and most probably give it to Cortouis. Insane season. https://t.co/CcoCGwytif
— Cesc Fàbregas Soler (@cesc4official) May 28, 2022
"ഞാനതിൽ ക്വാർട്ടുവയെ കൂട്ടിച്ചേർക്കുന്നു, അദ്ദേഹത്തിന് തന്നെയാവും അതു നൽകുകയും ചെയ്യുക. അസാധാരമായ സീസൺ." തന്റെ ആദ്യത്തെ ട്വീറ്റ് റിവൈസ് ചെയ്‌ത് മറ്റൊരു ട്വീറ്റിൽ മുൻ ബാഴ്‌സ, ചെൽസി, ആഴ്‌സണൽ താരമായ ഫാബ്രിഗസ് കുറിച്ചു.
ഇന്നലത്തെ മത്സരത്തിൽ അസാമാന്യ പ്രകടനമാണ് തിബോ ക്വാർട്ടുവ കാഴ്‌ച വെച്ചത്. മൊത്തം ഒൻപതു സേവുകൾ നടത്തിയ താരത്തിന്റെ ഏഴു സേവുകളും ബോക്‌സിന്റെ ഉള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. വമ്പൻ പ്രകനത്തോടെ തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ക്വാർട്ടുവയെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുത്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.