ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ചുമാരുടെ രക്ഷകനെന്ന് വിശേഷിപ്പിച്ച് ഇറ്റാലിയന്‍ ഇതിഹാസം ഫാബിയോ കന്നവാരോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ചുമാരുടെ രക്ഷകനെന്ന് വിശേഷിപ്പിച്ച് മുന്‍ ഇറ്റാലിയന്‍ താരം ഫാബിയോ കന്നവാരോ. ഇറ്റാലിയന്‍ മാധ്യമമായകൊറിയർ ഡെല്ല സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിൽ, ലീഗില്‍ യുവന്റസിന്റെ മോശം അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കന്നവാരോ ഇത്തരത്തില്‍ മറുപടി പറഞ്ഞത്.
"സീസണില്‍ അവരുടെ മോശം പ്രകടനത്തില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നില്ല. അത് അനിവാര്യമായിരുന്നു. കോച്ചുമാരുടെ രക്ഷകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവര്‍ക്ക് നഷ്ടമായത് മറക്കരുത്. ക്രിസ്റ്റ്യാനോ ഉള്ളപ്പോള്‍ അവർ മത്സരങ്ങൾ 1-0ത്തിന് ആയിരുന്നു തുടങ്ങിയിരുന്നത്," കന്നവാരോ പറഞ്ഞു.
സീസണില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന യുവന്റസ്, സീരി എ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. 19 മത്സരങ്ങളിൽ നിന്ന് 34 പോയിന്റ് മാത്രമാണ് യുവന്റസിന്റെ സമ്പാദ്യം. ഏതാനും കളിക്കാരുടെ തകര്‍ച്ചയും ബുദ്ധിമുട്ടുന്ന യുവതാരങ്ങളുടെ കാര്യവും യുവന്റസ് നന്നായി കൈകാര്യം ചെയ്യണമെന്നും കന്നവാരോ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത യുവന്റസ് ഇത്തവണ അതിലും മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേ സമയം, യുവന്റസ് വിട്ട റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് ഇപ്പോള്‍ കളിക്കുന്നത്. അവിടെയും പോര്‍ച്ചുഗീസ് താരം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിന് ശേഷം, 19 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ റൊണാൾഡോ ചുവന്ന ചെകുത്താന്മാർക്കായി നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.