Football in Malayalam

ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ക്ലബ്ബിനെ വെളിപ്പെടുത്തി ഫാബിയോ കന്നവാരോ

Sreejith N
FBL-AWARD-BALLON D'OR-2021
FBL-AWARD-BALLON D'OR-2021 / ANNE-CHRISTINE POUJOULAT/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്താൻ കൂടുതൽ സാധ്യതയുള്ള ക്ലബ്ബിനെ വെളിപ്പെടുത്തി റയൽ മാഡ്രിഡിന്റെയും ഇറ്റലിയുടെയും ഇതിഹാസതാരവും മുൻ ബാലൺ ഡി ഓർ ജേതാവുമായ ഫാബിയോ കന്നവാരോ. ജർമൻ പരിശീലകനായ തോമസ് ടുഷെൽ എത്തിയതിനു ശേഷം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ചെൽസിക്കാണ് ഇത്തവണയും ചാമ്പ്യൻസ് ലീഗ് സാധ്യതയെന്നാണ് കന്നവാരോ പറയുന്നത്.

"ചെൽസിക്ക് ഈ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അവർക്ക് വളരെ മികച്ചൊരു മാനേജറും ശക്തമായൊരു ടീമുമുണ്ട്," ദി ഹാർഡ് ടാക്കിളിനോട് കന്നവാരോ പറഞ്ഞത് ഡെയിലി പോസ്റ്റ് റിപ്പോർട്ടു ചെയ്‌തു.

"റയൽ മാഡ്രിഡ് മൂന്നു സീസണുകളിൽ തുടർച്ചയായി കിരീടം നേടിയിട്ടുണ്ട്. ക്ലബിനും സിദാനും അതൊരു ചരിത്രപരമായ നേട്ടമായിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ പലതും നിങ്ങളുടെ വഴിയേ വരണം. പ്രീമിയർ ലീഗ് ക്ലബുകളാണ് അതിനു നല്ല രീതിയിൽ തയ്യാറെടുത്തതെന്ന് ഞാൻ കരുതുന്നു," കന്നവാരോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന ചെൽസിയുടെ പരിശീലകസ്ഥാനം സീസണിന്റെ പകുതിയിൽ ടുഷെൽ ഏറ്റെടുത്തതിനു ശേഷം അത്ഭുതപ്പെടുത്തുന്ന കുതിപ്പ് നടത്തിയ അവർ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും പ്രീമിയർ ലീഗിൽ ടോപ് ഫോറിലെത്തുകയും ചെയ്‌തിരുന്നു. ഈ സീസണിലും മികച്ച ഫോമിൽ തന്നെയാണ് ബ്ലൂസ് കളിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കരുത്തുള്ള നിരവധി ടീമുകളുണ്ടെന്നതാണ് യാഥാർഥ്യം. ചെൽസിക്കു പുറമെ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നിവരെല്ലാം ഈ സീസണിലെ കിരീടം നേടാൻ കരുത്തുണ്ടെന്ന് അവരുടെ പ്രകടനം കൊണ്ട് തെളിയിക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit