"ഫ്രാൻസ് ബൊളീവിയയിൽ കളിച്ചിട്ടുണ്ടോ?"- എംബാപ്പെക്കു മറുപടിയുമായി ഫാബിന്യോ
By Sreejith N

സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉയർന്ന നിലവാരമില്ലാത്തവയാണെന്ന ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പയുടെ പരാമർശത്തിനു മറുപടിയുമായി ലിവർപൂളിന്റെ ബ്രസീലിയൻ താരമായ ഫാബിന്യോ. ഫ്രാൻസ് ബൊളീവിയയിലെ മൈതാനങ്ങളിൽ കളിച്ചിട്ടുണ്ടോയെന്നു ചോദിച്ച ഫാബിന്യോ സൗത്ത് അമേരിക്കൻ ടീമുകളുമായുള്ള പോരാട്ടങ്ങൾ എളുപ്പമല്ലെന്നും വ്യക്തമാക്കി.
ബ്രസീലും അർജന്റീനയും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിച്ചല്ല ലോകകപ്പിനായി എത്തുന്നതെന്നും അതിനാൽ യൂറോപ്യൻ ടീമുകൾക്ക് ടൂർണമെന്റിൽ കൂടുതൽ സാധ്യതയുണ്ട് എന്നും കഴിഞ്ഞ ദിവസം എംബാപ്പെ പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. എന്നാൽ യൂറോപ്പിലാണ് കളിക്കുന്നതെങ്കിൽ ബ്രസീലും അർജന്റീനയും ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തന്നെയുണ്ടാകുമെന്നാണ് ഫാബിന്യോ പറയുന്നത്.
Fabinho responds to Mbappe's claim that South American football is not as developed as Europe's. pic.twitter.com/gOGwfQRRz3
— ESPN FC (@ESPNFC) May 25, 2022
"അതു വ്യത്യസ്‌തമാണ്, അതത്ര എളുപ്പവുമല്ല. ഞങ്ങൾക്ക് ബൊളീവിയ പോലുള്ള സ്ഥലങ്ങളിൽ കളിക്കണം. ഫ്രാൻസ് അവിടെ കളിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. യൂറോപ്യൻ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പിൽ ബ്രസീലും അർജന്റീനയുമുണ്ടെങ്കിൽ ഒന്നാം സ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്." ഫാബിന്യോ ഇഎസ്‌പിഎന്നിനോട് പറഞ്ഞു.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബ്രസീലും കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനയും ഈ വർഷം ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ തന്നെയാണ്. കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ഫ്രാൻസ് അതിനേക്കാൾ കരുത്തുറ്റ സ്ക്വാഡുമായാവും ഇത്തവണ ലോകകപ്പിനെത്തുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.