സാഡിയോ മാനെയെ ലിവർപൂളിൽ പിടിച്ചുനിറുത്താൻ താൻ ശ്രമിച്ചിരുന്നതായി ഫാബീഞ്ഞോ

ലിവര്‍പൂളിന്റെ സെനഗലീസ് താരമായിരുന്ന സാഡിയോ മാനെയെ ക്ലബില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടിത്തി ബ്രസീലിയന്‍ താരം ഫാബീഞ്ഞോ. മാനെക്ക് ഒരു വര്‍ഷംകൂടി ലിവര്‍പൂളില്‍ കരാറുണ്ടായിരുന്നെങ്കിലും താരം ക്ലബ് വിടുകയായിരുന്നു.
ദി അത്ലറ്റികിന് നല്കിയ അഭിമുഖത്തിലാണ് ഫാബീഞ്ഞോ ഇക്കാര്യം വെളിപ്പെടുത്തിയത്. "സീസണിന്റെ അവസാനം ഞാന്‍ സാഡിയോയോട് ഒരുപാട് സംസാരിച്ചു. പോകാവുന്ന അവസ്ഥയെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ എപ്പോഴും അവനോട് പറയുമായിരുന്നു, 'വാ, സാഡിയോ ഇവിടെ നില്ക്കൂ. പ്രീമിയര്‍ ലീഗും ചാംപ്യന്‍സ് ലീഗും നിങ്ങള്‍ക്ക് ഇവിടെ തന്നെ നേടാം. പോകരുത്'. പക്ഷെ അവൻ അതിനോടകം തന്നെ (ക്ലബ് വിടണമെന്ന്) മനസ്സിൽ ഉറപ്പിച്ചെന്ന് ഞാൻ കരുതുന്നു. അതിനെ നമ്മള് ബഹുമാനിക്കണം," ഫാബീഞ്ഞോ പറഞ്ഞു.
"ലിവര്‍പൂള്‍ ജഴ്സിയിലെ അവന്റെ കഥ മികച്ചതാണ്. അവൻ ഇവിടെ കളിച്ച ആറു വര്‍ഷത്തിനുള്ളില്‍ നേടാൻ കഴിയാവുന്നതെല്ലാം നേടിയിട്ടുണ്ട്. ഒരു പുതിയ വെല്ലുവിളി വേണമെന്ന് അവൻ തീരുമാനിച്ചു. അത് ഓക്കെയാണ്," ഫാബീഞ്ഞോ കൂട്ടിച്ചേർത്തു.
അടുത്തിടെയായിരുന്നു ലിവര്‍പൂള്‍ വിട്ട് ജര്‍മന്‍ കരുത്തന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് മാനെ ചേക്കേറിയത്. ആറു വര്‍ഷക്കാലം ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ പ്രധാന താരമായിരുന്ന മാനെ ചെമ്പടക്കായി 120 ഗോളുകള്‍ നേടിയിട്ടുണ്ട്. ലിവര്‍പൂളിനും ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമായിരുന്നെങ്കിലും മുന്നേറ്റ താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.