Cristiano Ronaldo

"ജൂലൈ ഏഴിന് റൊണാൾഡോയെ സ്വന്തമാക്കും"- വെളിപ്പെടുത്തലുമായി മുൻ റോമ താരങ്ങൾ

Sreejith N
Former Roma Players Says Italian Club Close To Sign Ronaldo
Former Roma Players Says Italian Club Close To Sign Ronaldo / Bryn Lennon/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബായ റോമയിൽ എത്തുമെന്ന ഉറപ്പു നൽകി ക്ലബിന്റെ മുൻ താരങ്ങളായ ഏഞ്ചലോ ഡി ലിവിയോയും ഫാബിയോ പെട്രുസിയും. ട്രാൻസ്‌ഫർ മാർക്കറ്റിൽ വലിയ ചലനമുണ്ടാക്കി മൗറീന്യോയുടെ ടീം ജൂലൈ ഏഴിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കുമെന്നാണ് അവർ പറയുന്നത്.

"എനിക്കറിയാവുന്ന നിരവധി സോഴ്‌സുകളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ റോമ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന് മനസിലാക്കുന്നു. ജൂലൈ ഏഴ് അതിന്റെ പ്രഖ്യാപനം നടക്കുന്ന ദിവസമായിരിക്കും. ഇതൊരു എടുത്തുചാട്ടമാണ്, പക്ഷെ അത് ഫുട്ബോൾ ലോകത്ത് വളരെ പെട്ടന്നു തന്നെ പടർന്നു പിടിക്കും." ഏഞ്ചെലോ ഡി ലിവിയോ റെറ്റസ്സ്പോർട്ടിനോട് പറഞ്ഞു.

റോമ ക്ലബിന്റെ ഒരു പ്രധാനപ്പെട്ട ഒഫിഷ്യൽ ദിവസങ്ങൾക്കു മുൻപ് ഒരു ഡിന്നറിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫറിനെ കുറിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ടെലിവിഷനിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്ത് അറിയിച്ചുവെന്നും ഡി ലിവിയോ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ തീർത്തും ശരിയാണെന്നു സമ്മതിക്കുന്ന പ്രതികരണമാണ് അതിനു ശേഷം ഫാബിയോ പെട്രുസിയും നടത്തിയത്.

"പ്രധാനപ്പെട്ട അധികാരകേന്ദ്രത്തിൽ നിന്നും വിശ്വസിക്കാൻ കഴിയുന്ന സോഴ്‌സിൽ നിന്നും ലഭിച്ച വിവരമാണത്. റോമ റൊണാൾഡോയെ സ്വന്തമാക്കാൻ അവരാൽ കഴിയുന്ന എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഇമേജ് അവകാശം അടക്കമുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചകൾ നടക്കാനുണ്ട്. പക്ഷെ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോയെന്ന് എനിക്കറിയില്ല." ഫാബിയോ പെട്രുസി പറഞ്ഞു.

ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണെങ്കിലും ക്ലബിന് താരത്തെ വിട്ടുകൊടുക്കാൻ യാതൊരു താൽപര്യവുമില്ല, എന്നാൽ തനിക്ക് ഇംഗ്ലണ്ടിൽ തുടരാൻ കഴിയില്ല എന്നു റൊണാൾഡോ വ്യക്തമാക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനെതിരെ നിൽക്കാൻ സാധ്യതയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit