Football in Malayalam

റൊണാൾഡോയല്ല, ഗരത് ബെയിലാണ് താൻ കണ്ട ഏറ്റവും മികച്ച കായിക താരമെന്ന് റയൽ മാഡ്രിഡിന്റെ മുൻ ഡോക്ടർ

By Gokul Manthara
Real Madrid v Deportivo Alaves - La Liga
Real Madrid v Deportivo Alaves - La Liga / Gonzalo Arroyo Moreno/Getty Images
facebooktwitterreddit

പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രായം ഒരു തരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്ന് തന്റെ സമീപകാല പ്രകടനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന റോണോ, ഏതൊരു യുവ താരത്തിനും മാതൃകയാക്കാൻ പോന്ന കളികാരനാണ്. തന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കാൻ റൊണാൾഡോ നടത്തുന്ന കഠിനാധ്വാനം ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിലൊരാളായി നിൽക്കാൻ താരത്തെ സഹായിക്കുന്നുണ്ട്.

അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയിട്ടുള്ള റോണോയുടെ ഫിറ്റ്നസും, ജമ്പിംഗ് മികവും, വേഗതയും ഇന്നും പല യുവ താരങ്ങൾക്കും സ്വപ്നം മാത്രമാണ്‌. ഈ പ്രായത്തിലും ഫിറ്റ്നസിൽ ഇത്ര ശ്രദ്ധ ചെലുത്തുന്ന താരങ്ങൾ മറ്റ് കായിക മത്സരങ്ങളിൽപ്പോലും വളരെ അപൂർവ്വമാണ്. അത് കൊണ്ടു തന്നെ ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളായി നിസംശയം കണക്കാക്കപ്പെടാൻ കഴിയുന്നയാളാണ് റൊണാൾഡോ.

എന്നാൽ റോണോ ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളാണെങ്കിലും അദ്ദേഹത്തേക്കാൾ മികച്ച കായിക താരമാണ് വെയിൽസ് സൂപ്പർ താരം ഗരത് ബെയിലെന്ന് അഭിപ്രായപ്പെട്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻപ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ഇരുവർക്കുമൊപ്പം പ്രവർത്തിച്ചിരുന്ന ടീം ഡോക്ടർ കൂടിയായിരുന്ന ജീസസ് ഓൾമോ. താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അത്ലറ്റ് ബെയിലാണെന്ന് പറയുന്ന ഓൾമോ, ഏത് കായിക രംഗത്തും മികവ് പുലർത്താൻ കഴിവുള്ള സ്വാഭാവിക കായിക താരമാണ് ബെയിലെന്നും ഐഡിയലിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"ഞാൻ കണ്ട ഏറ്റവും മികച്ച അത്ലറ്റ് ഗരത് ബെയിലാണ്. പ്രായോഗികമായി ഏത് കായിക രംഗത്തും മികവ് പുലർത്താൻ കഴിവുള്ള ഒരു സ്വാഭാവിക കായിക താരമാണ് അവൻ. അസാധാരണമായ അത്ലറ്റിക്ക് കഴിവുകളാണ് അദ്ദേഹത്തിനുള്ളത്. സാങ്കേതിക കഴിവെന്നും ഞാൻ പറയും. എല്ലാ സാഹചര്യങ്ങളിലും എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവനാണ്. " ഓൾമോ പറഞ്ഞു നിർത്തി.

facebooktwitterreddit