മെസിയെ സ്വന്തമാക്കിയത് പിഎസ്‌ജിക്കൊപ്പമുള്ള ഏറ്റവും മികച്ച മുഹൂർത്തങ്ങളിലൊന്നെന്ന് മുൻ ഡയറക്‌ടർ ലിയനാർഡോ
By Sreejith N

ബാഴ്‌സലോണ നായകനായിരുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ കഴിഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തി ക്ലബിന്റെ സ്പോർട്ടിങ് ഡയറക്‌ടർ ആയിരുന്ന ലിയനാർഡോ. ഫ്രഞ്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്‌ടർ സ്ഥാനത്തു നിന്നും മാറിയെങ്കിലും മെസിയുടെ കരിയറിലെ തന്നെ ഒരേയൊരു ട്രാൻസ്‌ഫർ നടത്താൻ കഴിഞ്ഞതിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി.
ബാഴ്‌സലോണ കരാർ അവസാനിച്ച ലയണൽ മെസി കഴിഞ്ഞ സമ്മറിൽ അതു പുതുക്കാൻ ശ്രമിച്ചെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം അതിനു കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ക്ലബ് വിടേണ്ടി വന്ന താരത്തെ പിഎസ്‌ജി സ്വന്തമാക്കുകയായിരുന്നു. പ്രൊഫെഷണൽ കരിയറിൽ ബാഴ്‌സക്കു വേണ്ടി മാത്രം അതുവരെ കളിച്ചിട്ടുള്ള മെസിയുടെ ആദ്യത്തെ ട്രാൻസ്‌ഫർ ആയിരുന്നു അത്.
"ഞങ്ങൾ അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിരുന്നു, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു, എന്നാൽ മെസി ഒരിക്കലും ബാഴ്‌സലോണ വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മെസിയുടെ വരവിനു മുൻപുള്ള അവസാന നിമിഷങ്ങളായിരുന്നു നിർണായകമായത്, പിന്നീട് കുറച്ചു കൂടി കാര്യങ്ങൾ സാധാരണമായിത്തീർന്നു."
"പക്ഷെ മെസിയുടെ കരിയറിലെ ഒരേയൊരു ട്രാൻസ്‌ഫർ ഞങ്ങൾ നടത്തി. ക്രമാനുഗതമായി പെലെ, മറഡോണ, മെസി എന്നിവരുണ്ട്. മെസി ഒളിമ്പസിൽ (ഗ്രീക്ക് ദേവന്മാർ വാണിരുന്ന പർവതം) ആണുള്ളത്. അതിനാൽ എന്റെ മൂന്നു വർഷത്തെ കണക്കുകൾ എടുക്കുമ്പോൾ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഒരു സെമി ഫൈനൽ, പത്താം ലീഗ് കിരീടം, ഏഴു നാഷണൽ ട്രോഫികൾ എന്നിവയും മെസിയെ സ്വന്തമാക്കിയതും ഞാൻ കാണുന്നു." എൽ എക്വിപ്പെയോട് ലിയനാർഡോ പറഞ്ഞു.
പിഎസ്‌ജിക്കൊപ്പം താൻ നടത്തിയ മികച്ച സൈനിംഗുകൾ ഏതൊക്കെയാണെന്നും ലിയനാർഡോ വെളിപ്പെടുത്തി. മെസിയെ സ്വന്തമാക്കിയതിനു പുറമെ 2012ൽ മാർകോ വെറാറ്റി, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവരെ ഒരേ ദിവസം സ്വന്തമാക്കാൻ കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നുവെന്നാണ് ലിയനാർഡോ പറയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.