Football in Malayalam

റൊണാൾഡോയെ സ്വന്തമാക്കിയത് തെറ്റായിരുന്നു, താരം എത്രയും വേഗം യുവന്റസ് വിട്ടാൽ അത്രയും നല്ലതെന്ന് മുൻ പ്രസിഡന്റ്

Sreejith N
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Jonathan Moscrop/Getty Images
facebooktwitterreddit

ഒരു ടീമെന്ന നിലയിൽ ഒത്തൊരുമിച്ചു യുവന്റസ് മുന്നോട്ടു പോകുന്നതിനെ റൊണാൾഡോ ഇല്ലാതാക്കുന്നുണ്ടെന്നും താരത്തെ സ്വന്തമാക്കിയത് യുവന്റസിനു സംഭവിച്ച പിഴവായിരുന്നുവെന്നും വെളിപ്പെടുത്തി ക്ലബിന്റെ മുൻ പ്രസിഡന്റായ ജിയോവാനി കോബോള്ളി ഗിഗ്‌ളി. താരത്തെ ടീമിൽ നിലനിർത്തേണ്ടി വന്നാൽ യുഡിനെസിനെതിരെ പകരക്കാരനായി ഇറക്കിയതു പോലെയാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2018ൽ റയൽ മാഡ്രിഡിൽ നിന്നും നൂറു മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ യുവന്റസിലെത്തിയ റൊണാൾഡോ കഴിഞ്ഞ മൂന്നു സീസണുകളിലും ഇറ്റാലിയൻ ക്ലബിന്റെ ടോപ് സ്‌കോറർ ആയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ യുവന്റസ് സീരി എ കിരീടം നേടാൻ പരാജയപ്പെട്ടതോടെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരം സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുൻ യുവന്റസ് പ്രസിഡന്റിന്റെ പ്രതികരണം.

"ഞാൻ സത്യസന്ധമായി തന്നെ പറയാൻ ആഗ്രഹിക്കുന്നു, റൊണാൾഡോയെ സ്വന്തമാക്കിയത് ഒരു പിഴവായിരുന്നു. താരത്തിനു വേണ്ടിയുള്ള നിക്ഷേപം തിരിച്ചെടുക്കുക ബുദ്ധിമുട്ടാണ്, അതങ്ങിനെ തന്നെ തുടരുകയും ചെയ്യും. റൊണാൾഡോ ഒരു മഹത്തായ താരമാണെങ്കിലും എത്രയും പെട്ടന്ന് ക്ലബ് വിട്ടാൽ താരത്തിനും യുവന്റസിനും അതു ഗുണം ചെയ്യുമെന്ന് ഞാൻ പറയുന്നു." സീരിഎ ന്യൂസിനോട് ഗിഗ്‌ളി പറഞ്ഞു.

"യുഡിനെസിനെതിരായ മത്സരത്തിൽ ഉണ്ടായതു പോലെ താരത്തെ എങ്ങിനെയാണ് ഉപയോഗിക്കുകയെന്ന് അല്ലെഗ്രിക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. വളരെ ബുദ്ധിപൂർവം മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതു ചെയ്യേണ്ടത്. റൊണാൾഡോ യുവന്റസിന്റെ ആക്രമണങ്ങൾക്ക് തടസമുണ്ടാക്കുന്നുണ്ട്. താരമില്ലെങ്കിൽ അവർക്ക് ഒറ്റക്കെട്ടായി വളരെ മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയും." അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ സീരി എയിലെയും അതിനു ശേഷം നടന്ന യൂറോ കപ്പിലേയും ടോപ് സ്കോറർ പട്ടം റൊണാൾഡോക്ക് ആയിരുന്നെങ്കിലും നിലവിൽ താരത്തിന്റെ സാഹചര്യം അത്ര തൃപ്‌തികരമല്ല. റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്നാണ് പരിശീലകൻ അല്ലെഗ്രി പറയുന്നതെങ്കിലും താരം ക്ലബ് വിടാനുള്ള വഴികളാണു നോക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit