മെസിയെപ്പോലെ ബാഴ്‌സലോണയുടെ പത്താം നമ്പർ ജേഴ്‌സിയണിയുക ബെർണാർഡോ സിൽവയുടെ സ്വപ്‌നമായിരുന്നുവെന്ന് മുൻ പരിശീലകൻ
By Sreejith N

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമായ ബെർണാർഡോ സിൽവക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറി, ക്ലബിന്റെ പത്താം നമ്പർ ജേഴ്‌സിയണിയുകയെന്ന സ്വപ്‌നമുണ്ടായിരുന്നുവെന്ന് താരത്തെ ബെൻഫിക്കയിൽ പരിശീലിപ്പിച്ച ഹെൽഡർ ക്രിസ്റ്റാവോ വെളിപ്പെടുത്തി. പോർച്ചുഗീസ് താരത്തെ ഈ സമ്മറിൽ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് ക്രിസ്റ്റാവോയുടെ വെളിപ്പെടുത്തൽ.
യൂത്ത് തലത്തിലും സീനിയർ തലത്തിലും ബെൻഫിക്കു വേണ്ടി കളിച്ചിട്ടുള്ള ബെർണാർഡോ സിൽവ പിന്നീട് ഫ്രഞ്ച് ക്ലബായ മൊണാക്കോക്കു വേണ്ടി കളിച്ചതിനു ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിക്കുന്ന സിൽവ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പദ്ധതികളിൽ പ്രധാനിയാണെങ്കിലും ഈ സമ്മറിൽ താരം ബാഴ്‌സയിൽ എത്താനുള്ള സാധ്യതയുണ്ട്.
Man City midfielder Bernardo Silva "dreams of being Barcelona's No.10" https://t.co/nBGnuLYTCU
— SPORT English (@Sport_EN) July 10, 2022
"ബാഴ്‌സലോണക്കു വേണ്ടി കളിക്കുകയെന്നതും ലയണൽ മെസിയെപ്പോലെ ക്ലബിന്റെ ഐതിഹാസികമായ പത്താം നമ്പർ ജേഴ്‌സി അണിയുകയെന്നതും താരത്തിന്റെ സ്വപ്‌നമായിരുന്നു. അർജന്റീനിയൻ താരങ്ങളുടേതിനു സമാനമാണ് സിൽവയുടെ ശൈലി. വേഗതയും കരുത്തും കുറവാണെങ്കിലും മത്സരത്തിനു വേണ്ട ചിന്തയും ടൈമിങ്ങും താരത്തിനുണ്ട്. ഒരുപാട് കാര്യങ്ങളിൽ താരം മെച്ചപ്പെടാനുമുണ്ട്." സ്പോർട്ടിനോട് ക്രിസ്റ്റവോ പറഞ്ഞു.
ബെർണാർഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും ക്രിസ്റ്റവോ പറഞ്ഞു. "സത്യസന്ധമായി പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടു. ഗ്വാർഡിയോള താരത്തോടൊപ്പം സിറ്റിയിലുണ്ട്. പക്ഷെ ബാഴ്‌സയിൽ കളിക്കണമെന്നായിരുന്നു സിൽവയുടെ ആഗ്രഹം. വളരെ പ്രബലമായൊരു ക്ലബാണവർ."
"മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ സമയം കഴിഞ്ഞുവെന്നും ബാഴ്‌സക്ക് സംഭാവന നൽകണമെന്നും താരം ചിലപ്പോൾ ചിന്തിക്കുന്നുണ്ടാകും. ഒരു ഇന്റീരിയർ മിഡ്‌ഫീൽഡർ എന്ന നിലയിൽ ഉള്ളിലേക്ക് നന്നായി കളിക്കാൻ സിൽവക്ക് കഴിയും. ബാഴ്‌സലോണ 4-3-3 എന്ന ശൈലിയിൽ കളിക്കുന്നത്. ബുസ്‌ക്വറ്റ്സ്, പെഡ്രി എന്നിവർക്കൊപ്പം നമ്പർ 8 ആയാണ് ഞാൻ താരത്തെ കാണുന്നു. അതു വിങ്ങിലല്ല, മധ്യഭാഗത്താണ്." അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.