ലയണൽ മെസിയുടെ സാന്നിധ്യം കൊണ്ടു പിഎസ്‌ജിക്കു ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയില്ലെന്ന് പാട്രിക്ക് എവ്‌റ
By Sreejith N

ഫ്രഞ്ച് ലീഗിൽ അത്ര വലിയ മത്സരം നേരിടുക പതിവില്ലാത്ത പിഎസ്‌ജിയുടെ ഏറ്റവും വലിയ ലക്ഷ്യമാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്നത്. അതിനു വേണ്ടി സൂപ്പർ താരങ്ങളെയും മികച്ച പരിശീലകരെയും ടീമിലെത്തിച്ച് ഫ്രഞ്ച് ക്ലബ് നിരന്തരം ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഒരിക്കൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും ഒരിക്കൽ സെമിയിലും എത്തിയെങ്കിലും കിരീടം ഇതുവരെയും നേടാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല.
ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്‌ഷ്യം മുൻനിർത്തി തന്നെയാണ് ബാഴ്‌സലോണ നായകനായ ലയണൽ മെസിയെ ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്‌ജി ടീമിലെത്തിച്ചത്. മെസിയും നെയ്‌മറും എംബാപ്പായും ചേർന്ന മുന്നേറ്റനിരക്ക് ടീമിന്റെ ലക്‌ഷ്യം നിറവേറ്റാൻ കഴിവുണ്ടെന്ന് അവർ കരുതുന്നു.
Lionel Messi NOT enough to win PSG the Champions League, insists Patrice Evra https://t.co/OgtM3LciI3
— The Sun Football ⚽ (@TheSunFootball) January 13, 2022
എന്നാൽ മെസിയുടെ സാന്നിധ്യം കൊണ്ടു മാത്രം പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയില്ലെന്നും അതിനു ഒത്തൊരുമിച്ച്, മികച്ച മനോഭാവത്തോടെ കളിക്കുന്ന ഒരു ടീമിനെ തന്നെ വേണമെന്നാണ് ഫ്രഞ്ച് പ്രതിരോധതാരമായ പാട്രിക്ക് എവ്‌റ പറയുന്നത്. ലെ പാരിസിയനോട് സംസാരിക്കുമ്പോഴാണ് എവ്‌റ ഇക്കാര്യം വ്യക്തമാക്കിയത്.
"അവർ മെസിയെ ടീമിലെത്തിച്ചു, എന്നാൽ താരമല്ല അവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ പ്രാപ്‌തരാക്കുന്നത്. അതൊരു ഒറ്റക്കെട്ടായതും, ഒരു ടീം മുഴുവൻ ഒരുമിച്ചു നിൽക്കുന്ന മനോഭാവവുമാണ്. അതൊരിക്കലും എളുപ്പമല്ല. ഞാൻ അഞ്ചു ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ കളിച്ച് നാലെണ്ണത്തിലും തോറ്റിട്ടുണ്ട്." എവ്‌റ പറഞ്ഞു.
2020ൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തിയ പിഎസ്‌ജി ബയേൺ മ്യൂണിക്കിനോടാണ് കീഴടങ്ങിയത്. കഴിഞ്ഞ സീസണിൽ സെമിയിലെത്തി അവർ മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിലും അടിയറവു പറഞ്ഞു. അതേസമയം ഈ സീസണിൽ സൂപ്പർതാരങ്ങളുടെ നിരയുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ അവർക്ക് കഴിയുമെന്നു കരുതാൻ മാത്രമുള്ള മികച്ച പ്രകടനം ഇതുവരെയും ടീമിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.