Football in Malayalam

ഒളിമ്പിക്സിൽ നിന്ന് പുറത്തായ അർജന്റീനയെ ട്രോളി റിച്ചാർലിസൺ; ബ്രസീൽ താരത്തിന് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകി ഡിപോൾ

Gokul Manthara
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / NELSON ALMEIDA/Getty Images
facebooktwitterreddit

അർജന്റീനയും, ബ്രസീലും തമ്മിലുള്ള ഫുട്ബോൾ വൈരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് കൊണ്ടു തന്നെ പൊടി പാറും പോരാട്ടങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷിയാകാറുള്ളത്. അർജന്റീനയും, ബ്രസീലും തമ്മിലുള്ള ഫുട്ബോൾ വൈരം അവരുടെ താരങ്ങളിലേക്കും പടർന്നിട്ടുണ്ട്. ഇത് കൊണ്ടു തന്നെ പരസ്പരം ട്രോളാൻ കിട്ടുന്ന ഒരവസരവും ഈ ടീമുകളിലെ താരങ്ങൾ പാഴാക്കാറില്ല.

നേരത്തെ ടോക്കിയോ ഒളിമ്പിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജെർമ്മനിക്കെതിരെ ബ്രസീൽ 4-2 ന് വിജയിച്ചപ്പോൾ, അവരുടെ സൂപ്പർ താരം റിച്ചാർലിസൺ ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. എന്നാൽ റിച്ചാർലിസൺ ഹാട്രിക്ക് നേടിയ കാര്യം പോസ്റ്റ് ചെയ്ത അർജന്റൈൻ മാധ്യമം ടൈക് സ്പോർട്സിന്റെ പോസ്റ്റിന് കീഴെ അദ്ദേഹത്തെ പരിഹസിച്ച് അർജന്റൈൻ താരം ലിയാൻഡ്രോ പരെഡെസ് രംഗത്തെത്തിയിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ ഇതൊന്നും കണ്ടില്ലല്ലോയെന്ന മറുപടി പരെഡെസ് ഈ പോസ്റ്റിന് താഴെ പരിഹാസത്തോടെ കുറിച്ചപ്പോൾ, അർജന്റൈൻ ടീമിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായ ഏഞ്ചൽ ഡി മരിയ, ലോസെൽസോ എന്നിവർ പൊട്ടിച്ചിരിക്കുന്ന ഇമോജികളുമായി‌ പരെഡെസിന് പിന്തുണ നൽകുകയും ചെയ്തു.

തന്നെ അർജന്റൈൻ താരങ്ങൾ പരിഹസിച്ചത് മനസിലിട്ടിരുന്ന റിച്ചാർലിസണ് ഇന്നലെയാണ് അതിന് പകരം വീട്ടാൻ കഴിഞ്ഞത്. സ്പെയിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങി അർജന്റീന ഒളിമ്പിക്സിൽ നിന്ന് പുറത്തായതിന് പിന്നാലെ അർജന്റീനയെ പരിഹസിച്ച് റിച്ചാർലിസൺ രംഗത്തെത്തി. ഈ മത്സരം കാണാൻ ബ്രസീൽ ടീമിലെ തന്റെ കുറച്ച് സഹതാരങ്ങൾക്കൊപ്പം സ്റ്റേഡിയത്തിലെത്തിയ റിച്ചാർലിസൺ അർജന്റീന ഒളിമ്പിക്സിൽ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തിൽ നിന്നുള്ള ഗ്രൂപ്പ് സെൽഫി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കു വെച്ചു. ഇതിന്റെ ക്യാപ്ഷനായി 'ചെറിയ സഹോദരങ്ങൾക്ക് വിട' എന്നും അദ്ദേഹം കുറിച്ചു.

ഒളിമ്പിക്സിൽ നിന്ന് പുറത്തായ അർജന്റീനയെ ട്രോളിയ റിച്ചാർലിസണ് ഉടൻ തന്നെ അർജന്റൈൻ താരം റോഡ്രിഗോ ഡി പോൾ മറുപടിയുമായെത്തി. കോപ്പ ഫൈനലിൽ ഗ്രൗണ്ടിൽ മുട്ടുകുത്തിയിരിക്കുന്ന റിച്ചാർലിസണ് നേരെ വിരൽ ചൂണ്ടുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡി പോൾ, വായടക്കൂവെന്ന് അർത്ഥം വരുന്ന ഇമോജിക്കൊപ്പം, അർജന്റീനൻ പതാകയുടേയും, കിരീടത്തിന്റേയും ഇമോജിയും ഇതിനൊപ്പം ചേർത്തു. വായടക്കൂ എന്നർത്ഥം വരുന്ന മറുപടി റിച്ചാർലിസണ് നൽകി ഡിപോൾ രംഗത്തെത്തിയത് അർജന്റൈൻ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇനി ഡി പോളിന്റെ മറുപടിക്ക് എന്ത് പ്രതികരണമായിരിക്കും ബ്രസീലിയൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

facebooktwitterreddit