യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകളുടെ ഇന്ത്യയിലെ ടെലികാസ്റ്റ് വിവരങ്ങളും ചാനലുകളും


ഏറെ ചർച്ചാ വിഷയമായ നിരവധി സംഭവങ്ങൾക്കും തീർത്തും അപ്രതീക്ഷിതമായ പല ട്രാൻസ്ഫറുകൾക്കും ഒടുവിൽ യൂറോപ്പിലെ വിവിധ ലീഗുകൾ ആരംഭിച്ചു കഴിഞ്ഞു. ഫ്രഞ്ച് ലീഗ് നേരത്തെ തന്നെ ആരംഭിച്ചപ്പോൾ ഇന്നലെ രാത്രിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ജർമൻ ലീഗ്, ഇറ്റാലിയൻ ലീഗ് എന്നിവ തുടങ്ങിയത്. ഇതിനു പിന്നാലെ സ്പാനിഷ് ലീഗും കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും പ്രധാന ടീമുകൾ കളത്തിലിറങ്ങിയിട്ടില്ല.
ലീഗുകൾ ആരംഭിക്കുമ്പോൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ആശങ്കയാണ് മത്സരങ്ങളുടെ സംപ്രേഷണം ഏതു വിധത്തിലാണ് ലഭ്യമാവുകയെന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ജർമൻ ലീഗ്, ഇറ്റാലിയൻ ലീഗ് എന്നിവ കഴിഞ്ഞ സീസണിലേതു പോലെ തന്നെ തുടരുമെങ്കിലും സ്പാനിഷ് ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയെ സംബന്ധിച്ചാണ് ആരാധകർക്ക് കൃത്യതയില്ലാതിരിക്കുന്നത്.
ലയണൽ മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ കഴിഞ്ഞ സീസൺ വരെ ഫ്രഞ്ച് ലീഗിന് ഇന്ത്യയിൽ നിന്നുള്ള കാണികളേക്കാൾ കൂടുതൽ ഇത്തവണ ഉണ്ടാകുമെന്നത് വ്യക്തമായ കാര്യമാണ്. അതുകൊണ്ടു തന്നെ ഫ്രഞ്ച് ലീഗിന്റെ ഇന്ത്യൻ സംപ്രേഷണം എങ്ങിനെയായിരിക്കുമെന്നാണ് ആരാധകർക്ക് കൂടുതൽ അറിയേണ്ടത്.
യൂറോപ്പിലെ പ്രധാന ലീഗുകളും അവയുടെ ഇന്ത്യയിലെ ടെലികാസ്റ്റ് വിവരങ്ങളും:
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്. സ്റ്റാർ സ്പോർട്സ് സെലക്ട് അടക്കമുള്ള വിവിധ ചാനലുകളിലൂടെ മത്സരങ്ങൾ കാണാൻ കഴിയും.
ലാ ലിഗ: കഴിഞ്ഞ സീസൺ വരെ ഫേസ്ബുക്ക് സ്വന്തമാക്കിയ ലാലിഗയുടെ സംപ്രേഷണാവകാശം വയാകോം ഏറ്റെടുത്തതോടെ എംടിവിയിൽ ലീഗ് മത്സരങ്ങൾ കാണാൻ കഴിയും. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന മത്സരങ്ങൾ മാത്രമായിരിക്കും ടിവിയിൽ പ്രദർശിപ്പിക്കുകയെന്നു റിപ്പോർട്ടുകൾ ഉള്ളതിനാൽ VOOT ആപ്പോ ജിയോ ടിവിയോ എല്ലാ മത്സരങ്ങളും കാണേണ്ടവർക്ക് ഉപയോഗിക്കേണ്ടി വരും.
ബുണ്ടസ്ലിഗ: താരതമ്യേനെ ഇന്ത്യയിൽ ആരാധകർ കുറവായ ജർമൻ ലീഗ് മത്സരങ്ങൾ സോണിയുടെ വിവിധ ചാനലുകളും സോണി ലൈവ് ആപ്പും വഴി ആരാധകർക്ക് കാണാൻ കഴിയും.
ലീഗ് വൺ: മെസി പിഎസ്ജിയിൽ എത്തിയതോടെ കൂടുതൽ പേർ കാണുമെന്നുറപ്പുള്ള ലീഗ് വണിനു ഇതുവരെയും ഇന്ത്യയിൽ ഒരു ഒഫിഷ്യൽ ബ്രോഡ്കാസ്റ്റിംഗ് പാർട്നെർ ഇല്ല. റിപ്പോർട്ടുകൾ പ്രകാരം TV5 Monde Asie ആഴ്ചയിൽ ഒരു മത്സരം സംപ്രേഷണം ചെയ്യും.
സീരി എ: റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ ആരാധകർ വർധിച്ച സീരി എ കഴിഞ്ഞ സീസണിലേതു പോലെ സോണി ചാനലുകളാണ് സംപ്രേഷണം ചെയ്യുക. സോണിയുടെ വിവിധ ചാനലുകൾക്ക് പുറമെ സോണി ലൈവ് ആപ്പിലും മത്സരങ്ങൾ കാണാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.