Football in Malayalam

യൂറോ 2020 ക്വാർട്ടർ ഫൈനൽ പ്രിവ്യൂ: മുന്നേറ്റം തുടരാൻ സ്പെയിൻ, ഇറ്റലിയും, ബെൽജിയവും തമ്മിൽ ആവേശപ്പോര്

Gokul Manthara
Croatia v Spain - UEFA Euro 2020: Round of 16
Croatia v Spain - UEFA Euro 2020: Round of 16 / Friedemann Vogel - Pool/Getty Images
facebooktwitterreddit

യൂറോ 2020 ന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ ക്വാർട്ടറിൽ കരുത്തരായ സ്പെയിൻ, സ്വിറ്റ്സർലൻഡിനെ നേരിടുമ്പോൾ, രണ്ടാം മത്സരത്തിൽ കിരീട പ്രതീക്ഷകളുമായെത്തുന്ന ഇറ്റലിയും, ബെൽജിയവും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളും, പിന്നീട് നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളും പോലെ തന്നെ റൗണ്ട് ഓഫ് 8 മത്സരങ്ങളും ആവേശപ്പൂരമാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.

സ്പെയിൻ vs സ്വിറ്റ്സർലൻഡ്

Fabian Schar, Granit Xhaka
France v Switzerland - UEFA Euro 2020: Round of 16 / Justin Setterfield/Getty Images

ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ സ്പെയിനും, ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരിലൊരാളായി നോക്കൗട്ടിലെത്തിയ സ്വിറ്റ്സർലൻഡും ഉജ്ജ്വല പ്രകടനങ്ങൾ കാഴ്ച വെച്ചാണ് പ്രീക്വാർട്ടർ കടമ്പ പിന്നിട്ടത്. ആവേശകരമായ പ്രീക്വാർട്ടറിൽ കരുത്തരായ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പെയിൻ പരാജയപ്പെടുത്തിയതെങ്കിൽ, ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് സ്വിറ്റ്സർലൻഡ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

മികച്ച ഫോമിലുള്ള സ്പെയിന് തന്നെയാണ് ഈ മത്സരത്തിൽ മുൻ തൂക്കം‌. അവസാന രണ്ട് മത്സരങ്ങളിൽ 5 വീതം ഗോളുകൾ നേടിയ ടീമിന്റെ ആത്മവിശ്വാസം ക്രൊയേഷ്യക്കെതിരായ വിജയത്തോടെ വാനോളമുയർന്നിട്ടുണ്ട്. മുൻ മത്സരങ്ങളിലെ മികവ് പുറത്തെടുക്കാനായാൽ സ്വിറ്റ്സർലൻഡിനെതിരെ ടീമിന് വിജയക്കൊടി നാട്ടാനാകുമെന്നാണ് കരുതപ്പെടുന്നത്.

അതേ‌ സമയം ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചെത്തുന്ന സ്വിറ്റ്സർലൻഡ്, തങ്ങളുടെ ദിവസം ആരെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ്‌. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ടൂർണമെന്റിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട നായകൻ ഗ്രനിത് സാക്കയ്ക്ക് കളിക്കാനാവില്ലെന്നത് സ്പെയിനെതിരെ സ്വിസ് പടക്ക് തിരിച്ചടിയാണ്. ഫ്രാൻസിനെതിരായ മത്സരത്തിൽ ടീമിന്റെ നട്ടെല്ലായിരുന്നു സാക്ക‌. അദ്ദേഹത്തിന്റെ അഭാവം എങ്ങനെ മറികടക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഈ മത്സരത്തിൽ സ്വിറ്റ്സർലൻഡിന്റെ പ്രതീക്ഷകൾ.

ഇന്ത്യ‌ൻ സമയം ഇന്ന് രാത്രി 9.30 നാണ് സ്പെയിൻ-സ്വിറ്റ്സർലൻഡ് മത്സരത്തിന്റെ കിക്കോഫ്. സോണി ടെൻ ചാനലുകൾ, സോണി ലൈവ് ആപ്പ് എന്നിവയിലൂടെ മത്സരം തത്സമയം കാണാം. സോണി സിക്സിലൂടെ മലയാളം കമന്ററിയോടെയും ഫുട്ബോൾ പ്രേമികൾക്ക് മത്സരം വീക്ഷിക്കാം.

ഇറ്റലി vs ബെൽജിയം

Romelu Lukaku, Kevin De Bruyne
Finland v Belgium - UEFA Euro 2020: Group B / Isosport/MB Media/Getty Images

എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ഇറ്റലിയും, ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ബെൽജിയവും പ്രീക്വാർട്ടറിലും മികച്ച പ്രകടനം പുറത്തെടുത്താണ് റൗണ്ട് ഓഫ് 8 മത്സരങ്ങൾക്ക് യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ ഇറ്റലി 2-1 ന് ഓസ്ട്രിയയെ കീഴടക്കിയപ്പോൾ, കരുത്തരായ പോർച്ചുഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബെൽജിയം മറികടന്നത്.

ടൂർണമെന്റിൽ ഏറ്റവുമധികം കിരീട പ്രതീക്ഷകൾ വെച്ചു പുലർത്തുന്ന ടീമുകളിലൊന്നായ ബെൽജിയത്തിന് തങ്ങളുടെ സൂപ്പർ താരങ്ങളായ കെവിൻ ഡിബ്രൂയിൻ, ഈഡൻ ഹസാർഡ് എന്നിവരില്ലാതെ ക്വാർട്ടർ മത്സരം കളിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗലിനെതിരെ വിജയം കണ്ട പ്രീക്വാർട്ടർ മത്സരത്തിൽ പരിക്കേറ്റ ഇരുവരും ശേഷം പരിശീലനം പുനരാരംഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. പരിക്ക് മൂലം ഇരുവർക്കും കളിക്കാനായില്ലെങ്കിൽ ഇറ്റലിക്കെതിരെ ബെൽജിയം വിറക്കും. ഹസാർഡും, ഡിബ്രൂയിനും കളിച്ചില്ലെങ്കിൽ ഡ്രൈസ് മെർട്ടെൻസും, യാനിക്ക് കറാസ്കോയുമാകും ഇറ്റലിക്കെതിരെ ബെൽജിയം നിരയിലെത്തുക‌. അതിശക്തരായ ഇറ്റലിയെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറണമെങ്കിൽ ബെൽജിയത്തിന് ക്വാർട്ടറിൽ കൈയ്യും മെയ്യും മറന്ന് പോരാടേണ്ടി വരും.

പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനിറങ്ങാതിരുന്ന സീനിയർ പ്രതിരോധ താരം ജോർജിയോ കില്ലിനി ക്വാർട്ടറിൽ ഇറ്റലി നിരയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകൾ. അങ്ങനെ സംഭവിച്ചാൽ ഇറ്റലിയുടെ ആത്മവിശ്വാസവും വാനോളമുയരും‌. പ്രതിരോധത്തിലും മുന്നേറ്റ ത്തിലും മധ്യനിരയിലും മികച്ച ഫോമിലുള്ള താരങ്ങളാണ് ഇറ്റലിക്കുള്ളത്. ഇത് തന്നെയാണ് ബെൽജിയത്തിന് മേൽ അവർക്ക് മുൻ തൂക്കം നൽകുന്നതും. കഴിഞ്ഞ 31 മത്സരങ്ങളായി അപരാജിതരാണെന്നതും ക്വാർട്ടർ പോരാട്ടത്തിന് മുൻപ് ഇറ്റലിയുടെ ആത്മവിശ്വാസം ഉയർത്തുന്നു.

ഇന്ത്യ‌ൻ സമയം ഇന്ന് രാത്രി 12.30 നാണ് ബെൽജിയം-ഇറ്റലി മത്സരത്തിന്റെ കിക്കോഫ്. സോണി ടെൻ ചാനലുകൾ, സോണി ലൈവ് ആപ്പ് എന്നിവയിലൂടെ മത്സരം തത്സമയം കാണാം. സോണി സിക്സിലൂടെ മലയാളം കമന്ററിയോടെയും ഫുട്ബോൾ പ്രേമികൾക്ക് മത്സരം വീക്ഷിക്കാം.

facebooktwitterreddit