Football in Malayalam

പോർച്ചുഗലും, ഫ്രാൻസും ജർമനിയും നേർക്കുനേർ വരുന്ന മരണഗ്രൂപ്പ്: യൂറോ 2020 ഗ്രൂപ്പ് എഫ് പ്രിവ്യൂ

Sreejith N
Euro 2020 Group F captains
Euro 2020 Group F captains / 90min
facebooktwitterreddit

യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടം മുതലേ വമ്പൻ ടീമുകളുടെ പോരാട്ടമാണ് ഗ്രൂപ്പ് എഫ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ഇന്റർനാഷണൽ ഫുട്ബോളിൽ കഴിഞ്ഞ കാലത്തു നടന്ന മൂന്നു പ്രധാന ടൂര്ണമെന്റുകളായ 2018 ലോകകപ്പ്, 2016 യൂറോ കപ്പ്, 2014 ലോകകപ്പ് എന്നിവയിലെ ജേതാക്കളെല്ലാം ഇത്തവണത്തെ യൂറോ കപ്പിൽ ഒരേ ഗ്രൂപ്പിലാണെന്നത് ആരാധകരിൽ തെല്ലൊന്നുമല്ല ആവേശം നിറക്കുന്നത്. ഫ്രാൻസ്, പോർച്ചുഗൽ, ജർമനി എന്നീ കരുത്തർക്കൊപ്പം കഴിഞ്ഞ എട്ടു തവണയും ലോകകപ്പ് യോഗ്യത നേടിയിട്ടില്ലാത്ത ഹംഗറിയുമാണ് ഗ്രൂപ്പിലുള്ളത്.

എല്ലാ പൊസിഷനുകളിലും പ്രതിഭകളുടെ ധാരാളിത്തമുള്ള ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനു തന്നെയാണ് ഗ്രൂപ്പിൽ മുൻതൂക്കമെങ്കിലും പോർച്ചുഗലും ജർമനിയും അതിനൊപ്പം നിൽക്കാൻ കരുത്തരാണ്. കഴിഞ്ഞ യൂറോ കപ്പിൽ തങ്ങളെ ഫൈനലിൽ മുട്ടുകുത്തിച്ച് പോർചുഗലിനോട് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പ്രതികാരം വീട്ടാൻ ഫ്രാൻസ് തയ്യാറെടുക്കുമ്പോൾ തിരിച്ചടികളുടെ കഴിഞ്ഞ കാലത്തെ മറികടക്കാൻ പര്യാപ്തമായ പ്രകടനമാണ് ജർമനി ഉന്നം വെക്കുന്നത്. അതേസമയം ഇവരെ മറികടക്കാനുള്ള കരുത്തില്ലെങ്കിലും അവരുടെ വഴിമുടക്കാനുള്ള കഴിവ് ഹംഗറിക്കുമുണ്ട്.

1. ഫ്രാൻസ്

FBL-EURO-2020-2021-FRA-WAL-FRIENDLY
FBL-EURO-2020-2021-FRA-WAL-FRIENDLY / FRANCK FIFE/Getty Images

കടലാസിലും കളിക്കളത്തിലും കരുത്തരായ ഫ്രാൻസിന് ഏതു ശൈലിയിൽ വേണമെങ്കിലും ടീമിനെ ഇറക്കാൻ കഴിയുന്ന തരത്തിലുള്ള താരബാഹുല്യമാണുള്ളത്. കഴിഞ്ഞ ലോകകപ്പ് കിരീടം നേടുകയും അതിനു മുൻപത്തെ യൂറോ കപ്പിന്റെ ഫൈനലിൽ പോർചുഗലിനോട് കീഴടങ്ങുകയും ചെയ്‌ത ഫ്രാൻസ് ഇത്തവണ യൂറോ ജേതാക്കളാവുകയെന്നതിൽ ഉപരിയായി മറ്റൊന്നും ലക്ഷ്യമിടുന്നില്ല. ഫുട്ബോൾ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം ഫ്രാൻസിന് തന്നെയാണ് ഏറ്റവും കൂടുതൽ കിരീടസാധ്യത കല്പിക്കുന്നതും.

ആക്രമണം, പ്രതിരോധം, മധ്യനിര തുടങ്ങിയവയിലെല്ലാം ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ഫ്രാൻസിന് കുറച്ചെങ്കിലും പോരായ്‌മയുള്ളത് ഗോൾകീപ്പിങ് ഡിപാർട്മെന്റിലാണ്. എന്നാൽ ടോട്ടനം ഹോട്സ്പറിന്റെ പ്രധാന താരമായ ഹ്യൂഗോ ലോറിസ് അവസരത്തിനൊത്ത് ഉയർന്നാൽ ഫ്രാൻസിനു പേടിക്കേണ്ടതില്ല. നിലവിലുള്ള താരങ്ങളിൽ പൂർണ തൃപ്തനായ ദെഷാംപ്‌സ് അവരെ എങ്ങിനെ ഉപയോഗിക്കുമെന്നതു മാത്രമാണ് ഫ്രാൻസിന്റെ കാര്യത്തിൽ കണ്ടറിയാനുള്ളത്.

2. പോർച്ചുഗൽ

Bruno Fernandes, Bernardo Silva, Cristiano Ronaldo, Diogo Jota, Ruben Neves, Joao Cancelo
Portugal v Israel - International Friendly / Gualter Fatia/Getty Images

പ്രതിഭാധനരായ താരങ്ങൾ കൊണ്ട് അനുഗ്രഹീതമായ പോർച്ചുഗൽ കഴിഞ്ഞ യൂറോ കപ്പിനു ശേഷം മുന്നേറ്റം മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇക്കാലയളവിൽ മാറിയ പോർച്ചുഗൽ ടീമിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളിലെ പ്രധാന താരങ്ങളുണ്ട് എന്നതിനൊപ്പം അവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ഒരു സീസൺ പൂർത്തിയാക്കിയതിനു ശേഷമാണ് യൂറോക്കെത്തുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ യൂറോയിൽ നിന്നും വ്യത്യസ്‌തമായി തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്താനായിരിക്കും റൊണാൾഡോയും സംഘവും ശ്രമിക്കുക.

മുന്നേറ്റനിരയും പ്രതിരോധവുമാണ് പോർച്ചുഗൽ ടീമിന്റെ പ്രധാന കരുത്ത്. റൊണാൾഡോ, റൂബൻ ഡയസ് തുടങ്ങി നിലവിൽ ലോകഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് പോർച്ചുഗൽ ടീമിൽ ഈ രണ്ടു മേഖലകളും ഭരിക്കുന്നത്. ഇവരെ കൂട്ടിയിണക്കുന്ന മധ്യനിരയിൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയാൻ പരിശീലകനായ സാന്റോസിനു കഴിയുമെന്നതിൽ സംശയമില്ല.

3. ജർമനി

Timo Werner
Germany v Latvia - International Friendly / Lars Baron/Getty Images

മാറ്റ് ഹമ്മൽസിനെയും തോമസ് മുള്ളറിനെയും തിരിച്ചുവിളിച്ച ജോക്കിം ലോ യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും കൂട്ടിയിണക്കി കഴിഞ്ഞ ലോകകപ്പ് മുതലേറ്റ തിരിച്ചടികളെ മറികടക്കാനുള്ള തയ്യാറെടുപ്പുമായാണ് ഈ യൂറോക്കെത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ ലോകജേതാക്കളെ നേരിടാനൊരുങ്ങുന്ന ജർമനി സന്നാഹ മത്സരത്തിൽ ലാത്‌വിയയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്ത് തങ്ങളുടെ ഒരുക്കം ഗംഭീരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഫ്രാൻസിനെ ആദ്യ മത്സരത്തിൽ തന്നെ തോൽപ്പിച്ച് നോക്ക്ഔട്ട് സാധ്യത ഉറപ്പിക്കാനാവും ജർമനി ശ്രമിക്കുക.

ഇത്തവണ ചാമ്പ്യൻസ് ലീഗ് വിജയം നേടിയ ചെൽസിയിൽ നിന്നും മൂന്നു താരങ്ങളാണ് ജർമൻ ടീമിലുള്ളത്. ഇതിനു പുറമെ റയൽ മാഡ്രിഡ് താരം ടോണി ക്രൂസിന്റെ നേതൃത്വത്തിൽ ബുണ്ടസ്‌ലീഗയിലെ മികച്ച താരങ്ങളെയും കോർത്തിണക്കി ടീമിനെ ഒരുക്കിയ ലോ ജർമൻ ടീമിൽ നിന്നും തന്റെ വിടവാങ്ങൽ ടൂർണമെന്റ് ഏറ്റവും ഭംഗിയിൽ അവസാനിപ്പിക്കാൻ തന്നെയായിരിക്കും ശ്രമിക്കുക. മുന്നേറ്റനിരയിലും മധ്യനിരയിലും മികച്ച താരങ്ങളുള്ള ജർമനിക്ക് പ്രതിരോധത്തിലാണ് ചെറിയ ആശങ്കയുള്ളത്.

4. ഹംഗറി

FBL-EURO-2020-2021-FRIENDLY-HUN-CYP
FBL-EURO-2020-2021-FRIENDLY-HUN-CYP / ATTILA KISBENEDEK/Getty Images

തുടർച്ചയായ എട്ടാമത്തെ തവണയും ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് 2018ൽ ടീമിന്റെ സ്ഥാനമേറ്റെടുത്ത മുൻ ബ്രെസിയ, സാംപ്‌ദോറിയ താരം മാർക്കോ റോസിയുടെ കീഴിലാണ് ഹംഗറി യൂറോ കപ്പിലെത്തുന്നത്. പ്ലേ ഓഫ് മത്സരം കളിച്ച് യൂറോയിലേക്ക് യോഗ്യത നേടിയ ഹംഗറിക്ക് അവകാശ വാദങ്ങളൊന്നും ഇല്ലെങ്കിലും ടീം ഒറ്റക്കെട്ടായി നിന്നു പൊരുതിയാൽ ഗ്രൂപ്പിലെ മറ്റു വമ്പന്മാരുടെ നോക്ക്ഔട്ടിലേക്കുള്ള വഴി മുടക്കാൻ കഴിയും. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ ബുദാപെസ്റ്റിൽ വെച്ചായത് കഴിഞ്ഞ യൂറോയിൽ അവസാന പതിനാറിലെത്തിയ ഹംഗറിക്ക് പ്രതീക്ഷ നൽകുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit