Football in Malayalam

കരുത്തർ ഇംഗ്ലണ്ട്, കറുത്ത കുതിരകളാവാൻ ക്രൊയേഷ്യ, അട്ടിമറി സൃഷ്ടിക്കാൻ സ്കോട്ട്ലാൻഡ്: യൂറോ 2020 ഗ്രൂപ്പ് ഡി പ്രിവ്യു

Sreejith N
Euro 2020 Group D Captains
Euro 2020 Group D Captains / 90min
facebooktwitterreddit

അൻപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം ഒരു പ്രധാന ടൂർണമെന്റ് കിരീടം തേടിയിറങ്ങുന്ന ഇംഗ്ലണ്ട് തന്നെയാണ് യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ ശ്രദ്ധാകേന്ദ്രം. കരുത്തരായ താരങ്ങളുമായി സൗത്ത്ഗേറ്റിന്റെ കീഴിൽ അണിനിരക്കുന്ന ടീമിന് ഗ്രൂപ്പിലെ എതിരാളികളിൽ ഒരാളായ ക്രൊയേഷ്യയോട് ഒരു പ്രതികാരവും ബാക്കിയുണ്ട്. 2018 ലോകകപ്പിൽ കറുത്ത കുതിരകളായി ഫൈനൽ വരെയെത്തിയ ക്രൊയേഷ്യയാണ് സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ ഇല്ലാതാക്കിയത്.

അതേസമയം കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഈ രണ്ടു ടീമുകൾക്കുമാത്രമായിരിക്കും യൂറോ കപ്പിലെ ഗ്രൂപ്പിൽ ഡിയിൽ ആധിപത്യമെന്നു പറയാൻ കഴിയില്ല. പ്രീമിയർ ലീഗിലെ നിരവധി പ്രതിഭകൾ അണിനിരക്കുന്ന സ്‍കോട്‍ലാൻഡും ലീഗ് കിരീടം നേടിയ സ്ലാവിയ പ്രാഹയിൽ നിന്നു മാത്രം അഞ്ചു താരങ്ങളുമായെത്തുന്ന ചെക്ക് റിപ്പബ്ലിക്കും മികച്ച പ്രകടനം നടത്താൻ കഴിയുന്ന ടീമുകളാണ്.

1. ഇംഗ്ലണ്ട്

Mason Mount, Harry Kane, Marcus Rashford, Declan Rice
Kosovo v England - UEFA Euro 2020 Qualifier / Michael Regan/Getty Images

പ്രതിഭകളുടെ ധാരാളിത്തമുള്ള ഇംഗ്ലണ്ട് ടീം സെലക്ഷൻ നടത്താൻ സൗത്ത്ഗേറ്റ് വിഷമിച്ചിട്ടുണ്ടാവുമെന്നു തീർച്ചയാണ്. 2018 ലോകകപ്പിലേയും ഇത്തവണ പ്രീമിയർ ലീഗിലെയും ടോപ് സ്കോററായ ഹാരി കെയിൻ മറ്റൊരു ഗോൾഡൻ ബൂട്ട് യൂറോ കപ്പിലും നേടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. മുന്നേറ്റനിരയിൽ ജാഡൻ സാഞ്ചോ, ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, മാർക്കസ് റാഷ്‌ഫോർഡ്, റഹീം സ്റ്റെർലിങ്, മേസൺ മൗണ്ട് എന്നീ താരങ്ങളുള്ളപ്പോൾ അത് കേനിന് എളുപ്പമായിരിക്കും.

അതേസമയം സെൻട്രൽ ഡിഫൻസ് ഇംഗ്ലണ്ടിന് വലിയൊരു തലവേദനയാണ്. ഹാരി മാഗ്വയർക്ക് പരിക്ക് പറ്റിയതോടെ ജോൺ സ്റ്റോൺസിനൊപ്പം പ്രതിരോധം നയിക്കാൻ പറ്റിയൊരു താരം ടീമിലില്ല. കഴിഞ്ഞ ലോകകപ്പിൽ കാണിച്ച മുന്നേറ്റം പ്രശംസനീയമാണെങ്കിലും കരുത്തരായ എതിരാളികളുള്ളതു കൊണ്ട് അതിനേക്കാൾ നിലവാരം പുലർത്തിയാൽ മാത്രമേ യൂറോ കിരീടം ഇംഗ്ലണ്ടിന് നേടാനാവൂ.

2. ക്രൊയേഷ്യ

FBL-CRO-ARM-EURO-2020-2021
FBL-CRO-ARM-EURO-2020-2021 / DAMIR SENCAR/Getty Images

കഴിഞ്ഞ ലോകകപ്പിൽ ഏവരെയും ഞെട്ടിച്ച പ്രകടനം കാഴ്‌ച വെച്ച ക്രൊയേഷ്യക്ക് അതിനു ശേഷം തങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. പരിശീലകനായി ദാലിച്ച് തുടരുന്നുണ്ടെങ്കിലും മുന്നേറ്റനിരയിൽ മാന്ഡസൂകിച്ചിന്റെയും മധ്യനിരയിൽ റാകിറ്റിച്ചിന്റെയും അഭാവം നികത്താനാവാത്തതാണ്. എന്നാൽ തങ്ങളുടെ കരുത്ത് യൂറോയിൽ കാണിക്കാൻ ടീം തീരുമാനിച്ചാൽ അത് നടപ്പിലാക്കാൻ കഴിയുന്ന താരങ്ങൾ അവർക്കൊപ്പമുണ്ട്.

റയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ച് തന്നെയാണ് ടീമിന്റെ നട്ടെല്ല്. എന്നാൽ മുപ്പത്തിയഞ്ചുകാരനായ താരം ഈ സീസണിൽ അൻപതിനടുത്ത് മത്സരങ്ങൾ റയലിനു വേണ്ടി കളിച്ചതിനു ശേഷമാണ് യൂറോ കപ്പിനെത്തുന്നത്. ദേജൻ ലോവ്‌റൻ, മാറ്റിയോ കൊവാസിച്ച്, ഇവാൻ പെരിസിച്ച്, ആന്റെ റെബിക്ക് എന്നിങ്ങനെ അത്ഭുതം ആവർത്തിക്കാൻ കഴിയുന്ന താരങ്ങൾ അവർക്കൊപ്പമുണ്ട്.

3. സ്കോട്ട്ലാൻഡ്

Jack Hendry, Andy Robertson, Lyndon Dykes, Kieran Tierney, Liam Cooper
Netherlands v Scotland - International Friendly / BSR Agency/Getty Images

ഇരുപത്തിമൂന്നു വർഷങ്ങൾക്കു ശേഷം ആദ്യത്തെ പ്രധാന ടൂര്ണമെന്റിലേക്ക് സ്കോട്ട്ലാൻഡ് എത്തിയതു തന്നെ പ്ലേ ഓഫ് മത്സരങ്ങളിൽ ഇസ്രായേൽ, സെർബിയ എന്നിവർക്കെതിരെ ഷൂട്ടൗട്ട് വരെയെത്തിയ വിജയങ്ങൾക്കു ശേഷമാണ്. കരുത്തരായ എതിരാളികൾ നിറഞ്ഞ ഗ്രൂപ്പിലാണ് ഇടം പിടിച്ചതെങ്കിലും പ്രീമിയർ ലീഗിൽ തിളങ്ങുന്ന ഒരുപിടി താരങ്ങൾ അവസരത്തിനൊത്തുയർന്നാൽ സ്കോട്ട്ലാന്ഡിന് അട്ടിമറി സൃഷ്ടിച്ചു മുന്നേറാൻ കഴിയും.

ലിവർപൂൾ ലെഫ്റ്റ് ബാക്കായ ആൻഡ്രൂ റോബർട്സൺ നയിക്കുന്ന ടീമിൽ ആഴ്‌സണൽ താരം കീറൻ ടിയെർനി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്‌കോട്ട് മക്‌ടോമിനായ്, ചെൽസിയുടെ ബില്ലി ഗിൽമാർ, ദേശീയ ടീമിനായി കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ ഒൻപതു ഗോൾ നേടിയ ആസ്റ്റൺ വില്ല താരം ജോൺ മക്ജിൻ എന്നിവരാണ് പ്രധാന താരങ്ങൾ.

4. ചെക്ക് റിപ്പബ്ലിക്ക്

FBL-WC-2022-EUR-QUALIFERS-WAL-CZE
FBL-WC-2022-EUR-QUALIFERS-WAL-CZE / GEOFF CADDICK/Getty Images

1996നു ശേഷമുള്ള എല്ലാ യൂറോപ്യൻ ടൂർണമെന്റുകൾക്കും യോഗ്യത നേടിയിട്ടുള്ള ചെക്ക് റിപ്പബ്ലിക്ക് പക്ഷെ കഴിഞ്ഞ സീസണിൽ ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തേക്കു പോവുകയായിരുന്നു. ഇത്തവണ ടൂർണമെന്റിനെത്തുമ്പോൾ അതിനേക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്ന് ഉറപ്പുള്ള ടീം എതിരാളികൾക്ക് തലവേദന സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ പുരസ്‌കാരത്തിനുള്ള പട്ടികയിലുണ്ടായിരുന്ന വെസ്റ്റ്ഹാം താരം തോമസ് സുസെക്കാണ് ടീമിന്റെ കരുത്ത്. മധ്യനിര താരമായ സുസെക്ക് ഈ സീസണിൽ പത്തു ഗോളുകളാണ് ലീഗിൽ നേടിയത്. സുസെക്കിനൊപ്പം ഇംഗ്ലണ്ട് താരങ്ങളുടെ കരുത്തും ദൗർബല്യവും നന്നായി അറിയാവുന്ന വെസ്റ്റ് ഹാം സഹതാരം വ്ലാദിമിർ കൗഫലും ചേരുന്നത് ചെക്ക് റിപ്പബ്ലിക്കിന് പ്രതീക്ഷ നൽകുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit