ഏണസ്റ്റോ വാല്‍വര്‍ദെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു; അത്‌ലറ്റിക്ക് ക്ലബിന്റെ പരിശീലകനായേക്കും

FBL-KSA-ESP-SUPERCUP-BARCELONA-ATLETICO
FBL-KSA-ESP-SUPERCUP-BARCELONA-ATLETICO / GIUSEPPE CACACE/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ മുന്‍ പരിശീലകനായിരുന്ന ഏണസ്‌റ്റോ വാല്‍വര്‍ദെ അത്‌ലറ്റിക്ക് ക്ലബിലേക്ക് മടങ്ങാനൊരുങ്ങുന്നു. 2019-20 സീസണില്‍ ബാഴ്‌സലോണയില്‍ നിന്ന് പുറത്താക്കിയ വാല്‍വര്‍ദെ അതിന് ശേഷം ഇതുവരെ മറ്റു ടീമുകളെയൊന്നും പരിശീലിപ്പിക്കുന്നില്ല.

2017 മുതല്‍ 2020 വരെ ബാഴ്‌സലോണയുടെ പരിശീലകനായ വാല്‍വര്‍ദെക്ക് കീഴിൽ കാറ്റാലൻ ക്ലബ് 2 ലാ ലീഗ, ഒരു കോപ്പ ഡെൽ റേ, ഒരു സൂപ്പർ കോപ്പ ഡി എസ്പാന കിരീടങ്ങൾ നേടിയിരുന്നു. എന്നാൽ, 2020 ജനുവരിയിൽ ബാഴ്‌സലോണ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

അടുത്തിടെ സമാപിച്ച അത്‌ലറ്റിക്ക് ക്ലബിന്റെ പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോൺ ഉരിയാർട്ടെ വാല്‍വര്‍ദെയെ ക്ലബിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് തന്റെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്പാനിഷ് പരിശീലകന് വീണ്ടും അത്‌ലറ്റിക്ക് ക്ലബിലേക്കുള്ള വഴി തെളിയുന്നത്.

അത്‌ലറ്റിക്ക് ക്ലബ്ബിനെ മുൻപ് പരിശീലിപ്പിച്ച പരിചയമുള്ള വ്യക്തി കൂടിയാണ് വാൽവർദെ. 2001-02 സീസണില്‍ അത്‌ലറ്റിക് ക്ലബിന്റെ സഹപരിശീലകനായിട്ടായിരുന്നു വാല്‍വര്‍ദെയുടെ പരിശീലക വേഷത്തിലെ അരങ്ങേറ്റം. 2003ൽ അത്‌ലറ്റിക് ക്ലബിന്റെ മുഖ്യ പരിശീലകനായ അദ്ദേഹം 2005 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 2013ല്‍ വീണ്ടും വാല്‍വര്‍ദെ അത്‌ലറ്റിക് ക്ലബിന്റെ പരിശീലക ചുമതല ഏറ്റെടുത്തു. 2017 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്‌തു. അതിന് ശേഷമായിരുന്നു വാൽവർദെ ബാഴ്‌സലോണയിലെത്തിയത്.

നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ പുറത്താക്കിയപ്പോള്‍ ഇടക്കാല പരിശീലകന്റെ സ്ഥാനത്തേക്ക് വാല്‍വര്‍ദെയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ ഒടുവില്‍ യുണൈറ്റഡ് റാല്‍ഫ് റാങ്‌നിക്കിനെ താല്‍ക്കാലിക പരിശീലക ചുമതല ഏല്‍പിക്കുകയായിരുന്നു.