ബാഴ്‌സലോണക്കൊപ്പം രണ്ടു ലാ ലിഗ കിരീടങ്ങൾ നേടിയത് ചിലർക്ക് മതിയായിരുന്നില്ലെന്ന് ഏർനെസ്റ്റോ വാൽവെർദെ
By Sreejith N

വാൽവെർദെ പരിശീലകനായിരുന്ന മൂന്നു വർഷത്തിനിടയിൽ ബാഴ്‌സലോണ നേടിയത് രണ്ടു ലാ ലിഗ കിരീടവും ഒരു കോപ്പ ഡെൽ റേയും ഒരു സ്‌പാനിഷ് സൂപ്പർകപ്പുമാണ്. ബാഴ്‌സലോണക്ക് അവസാനമായി ലാ ലിഗ കിരീടം നേടിക്കൊടുത്ത പരിശീലകനായ വാൽവെർദെയെ ലീഗിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് ബാഴ്‌സലോണ പുറത്താക്കുന്നത്.
രണ്ടു സീസണിലെ ചാമ്പ്യൻസ് ലീഗ് ദുരന്തവും ബാഴ്‌സയുടെ ശൈലിയിൽ നിന്നും വ്യതിചലിച്ചതുമെല്ലാം മുൻനിർത്തി ഒരു വിഭാഗം ആരാധകർ ഉയർത്തിയ പ്രതിഷേധമാണ് വാൽവെർദെ പുറത്താക്കപ്പെടാൻ കാരണമായത്. ബാഴ്‌സലോണ വിട്ടതിനു ശേഷം ഇതുവരെ ഒരു ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ലാത്ത അദ്ദേഹം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തന്റെ പുറത്താക്കലിനെക്കുറിച്ച് പ്രതികരണം നടത്തുകയുണ്ടായി.
"ഞങ്ങൾ രണ്ടു ലീഗ് കിരീടങ്ങൾ നേടിയെന്നത് മികച്ചൊരു കാര്യം തന്നെയായിരുന്നു. എന്നാൽ ചില വിഭാഗം ആളുകൾക്ക് അതു മതിയായിരുന്നില്ല. ഞാനവിടെ ഉണ്ടായിരുന്ന രണ്ടര വർഷത്തിൽ മൂന്നു തവണയും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കെ ഞങ്ങൾ ഒന്നാമതായിരുന്നു. മൂന്നു തവണയും ഞങ്ങൾക്ക് അവസാനത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ല." ലിബറോ മാഗസിനോട് വാൽവെർദെ പറഞ്ഞു.
"ഞാനെല്ലാം അകലെ നിന്നും കാണുന്നുണ്ട്. നിങ്ങൾ ഒരു സ്ഥലം വിടുമ്പോൾ ആ പേജ് മറിക്കണം, എന്നാൽ ബാഴ്‌സലോണ പോലെ ഒരു ക്ലബ് വിടുമ്പോൾ നിങ്ങൾക്കതിൽ നിന്നും മുക്തനാവാൻ സമയം ആവശ്യമായി വരും. ഞാൻ വളരെകാലം പരിശീലകനായി നിലനിന്നിരുന്ന വ്യക്തിയാണ്, എനിക്ക് സമയം ആവശ്യമാണ്." വാൽവെർദെ പറഞ്ഞു.
സ്പെയിനിലോ മറ്റു രാജ്യങ്ങളിലോ ഉള്ള ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിയില്ല. അവസാനമായി വാൽവെർദെയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത് 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്കായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.