90Min Exclusive: അടുത്ത സീസണിൽ ചേക്കേറുന്ന ക്ലബ്ബിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ ഹാലൻഡ്


യൂറോപ്യൻ ഫുട്ബോളിൽ വളരെ പെട്ടന്നു തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ എർലിങ് ബ്രൂട് ഹാലൻഡിനു വേണ്ടി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ നിരവധി ക്ലബുകൾ ശ്രമം നടത്തിയിരുന്നു. എന്നാൽ തനിക്കു വേണ്ടി വന്ന ഓഫറുകളെല്ലാം നിരസിച്ച ഇരുപത്തിയൊന്നു വയസുള്ള താരം ഈ സീസണിലും ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽ തന്നെ തുടരാനാണു തീരുമാനിച്ചത്.
എന്നാൽ ഈ സീസണിനപ്പുറം ബൊറൂസിയ ഡോർട്മുണ്ടിൽ ഹാലൻഡ് തുടരാൻ സാധ്യതയില്ലെന്ന സൂചനകൾ വ്യക്തമാണ്. ഹാലൻഡിന്റെ കരാറിലുള്ള ഒരു പ്രത്യേക ഉടമ്പടി പ്രകാരം 2022 ജൂണോടെ താരത്തിന്റെ റിലീസ് ക്ളോസ് 70 മില്യൺ പൗണ്ടായി കുറയും. ഇതോടെ യൂറോപ്പിലെ ഏതൊരു വമ്പൻ ക്ലബിലേക്കും താരത്തിന് അനായാസം ചേക്കേറാൻ കഴിയും.
Erling Haaland won't rush decision on next club. Mino Raiola would like an auction, and he will probably get one!
— Graeme Bailey (@GraemeBailey) September 11, 2021
https://t.co/COrgABIlqh
✍️@90min_football
എന്നാൽ ഏതു ക്ലബ്ബിലേക്ക് ചേക്കേറണം എന്ന കാര്യത്തിൽ ഹാലൻഡ് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അക്കാര്യത്തിൽ നോർവീജിയൻ താരത്തിന് യാതൊരു ധൃതിയുമില്ലെന്നുമാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ. ഏജന്റായ മിനോ റയോളക്ക് ഹാലൻഡിന്റെ ട്രാൻസ്ഫറിനെ സംബന്ധിച്ച് വ്യക്തമായ പദ്ധതികളുമുണ്ട്.
ഗോളടിവേട്ടയിൽ പുതിയ റെക്കോർഡുകൾ കുറിച്ചു കൊണ്ടിരിക്കുന്ന ഹാലൻഡിനെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാക്കി മാറ്റാനാണ് റയോള ശ്രമിക്കുന്നത്. ഒരു ക്ലബിലേക്കും ചേക്കേറുന്ന കാര്യത്തിൽ തീരുമാനം എടുക്കാത്തതിനാൽ അടുത്ത സീസണിൽ ക്ലബുകൾ തമ്മിലുണ്ടാകുന്ന മത്സരം വഴി എളുപ്പത്തിൽ ഇതു നടപ്പിലാക്കാം എന്നാണു റയോള ചിന്തിക്കുന്നത്.
റയോളയുടെ പദ്ധതികൾ ഇങ്ങനെയാണെങ്കിൽ നിലവിൽ ഏതാനും ക്ലബുകൾക്ക് മാത്രമേ താരത്തെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടാകാൻ സാധ്യതയുള്ളൂ. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, പിഎസ്ജി എന്നീ ടീമുകൾക്കാണ് താരത്തിൽ താൽപര്യം ഉണ്ടായിരുന്നത്. ലുക്കാക്കു എത്തിയതിനാൽ അടുത്ത സീസണിൽ ചെൽസി ഹാലൻഡിനായി നടത്താനുള്ള സാധ്യതയില്ല.
അതേസമയം, തന്നെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ഗോളടിച്ചു മുന്നോട്ടു പോവുകയാണ് ഹാലൻഡ്. പുതിയ സീസൺ ആരംഭിച്ചതിനു ശേഷം ഡോർട്മുണ്ടിനായി മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും നോർവേക്കായി മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും താരം നേടിക്കഴിഞ്ഞു.