ഹാലൻഡിന്റെ ട്രാൻസ്ഫറിന് മുന്നൂറു മില്യൺ വരെ ചിലവു വരുമെന്ന് ടോണി ക്രൂസിന്റെ ഏജന്റ്


യൂറോപ്പിൽ തന്റെ ഗോൾവേട്ട കൊണ്ടു തരംഗം സൃഷ്ടിക്കുന്ന ബൊറൂസിയ ഡോർട്മുണ്ട് താരമായ ഏർലിങ് ബ്രൂട് ഹാലൻഡിന്റെ ട്രാൻസ്ഫറിനു 250 മുതൽ 300 മില്യൺ യൂറോ വരെ ചിലവു വരുമെന്ന് റയൽ മാഡ്രിഡ് താരം ടോണി ക്രൂസുൾപ്പെടെ നിരവധി ഫുട്ബോൾ താരങ്ങളുടെ ഏജന്റായ വോൾക്കർ സ്ട്രൂത്ത്. ബയേൺ മ്യൂണിക്ക് നോർവീജിയൻ താരത്തെ സ്വന്തമാക്കാനുള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കരുതപ്പെടുന്ന താരമാണ് ഇരുപതുകാരനായ ഹാലാൻഡ്. വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ജർമൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് അതിനു വേണ്ടി ചിലവഴിക്കേണ്ടി വരുന്ന തുകയെക്കുറിച്ച് സ്ട്രൂത്ത് വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം താരത്തിന്റെ കരാറിൽ റിലീസിംഗ് ക്ലോസ് ഉടമ്പടിയുണ്ടെന്നും സ്ട്രൂത്ത് വ്യക്തമാക്കി.
How much is he worth? https://t.co/OTMrDZylwE.
— MARCA in English (@MARCAinENGLISH) November 5, 2021
"ഹാലൻഡിനു റിലീസ് ക്ലോസുണ്ട്. അഞ്ചു വർഷത്തെ ശമ്പളവും ഏജന്റിന്റെ കമ്മീഷനും ചേർത്തുള്ള തുക 250 മുതൽ 300 മില്യൺ യൂറോയുടെ അരികിൽ വരും," ജർമൻ മാധ്യമമായ സ്പോർട് ബിൽഡിനോട് സംസാരിക്കുമ്പോൾ ഹാലൻഡിനെക്കുറിച്ച് സ്ട്രൂത്ത് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു.
അടുത്ത സമ്മറിൽ ഹാലൻഡ് ബൊറൂസിയ ഡോർട്മുണ്ട് വിടാനുള്ള സാധ്യതയുണ്ടെങ്കിലും ബയേൺ മ്യൂണിക്കിൽ താരമെത്താനുള്ള സാധ്യതയില്ലെന്നാണ് സ്ട്രൂത്ത് പറയുന്നത്. "ബയേണിന്റെ കയ്യിൽ പണമുണ്ടെങ്കിലും അവർ ഹാലൻഡിനെ സ്വന്തമാക്കാൻ പോകുന്നില്ല. ജർമനിയിൽ ഒരു താരം അമ്പതു മില്യൺ യൂറോ വാങ്ങിയാൽ എല്ലാവർക്കും സമചിത്തത നഷ്ടമായേക്കും," സ്ട്രൂത്ത് വ്യക്തമാക്കി.
അതേസമയം അടുത്ത സമ്മറിൽ ഹാലാൻഡ് ബൊറൂസിയ ഡോർട്മുണ്ട് വിട്ടു മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുന്നത് ശമ്പളം അടിസ്ഥാനമാക്കിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താൽപര്യങ്ങൾക്കും സ്പോർട്ടിങ് മാനദണ്ഡങ്ങൾക്കുമാണ് താരം പ്രാധാന്യം കൊടുക്കുന്നതെന്നും സ്ട്രൂത്ത് കൂട്ടിച്ചേർത്തു.