ഹാലൻഡിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമറിയാൻ ദിവസങ്ങൾ മാത്രം, താരം ക്ലബ് വിടുമെന്ന സൂചനകൾ നൽകി കെഹ്ൽ


യൂറോപ്പിലെ ഏറ്റവും മികച്ച യുവസ്ട്രൈക്കർമാരിൽ ഒരാളായ എർലിങ് ബ്രൂട് ഹാലൻഡിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഒരാഴ്ചക്കുള്ളിൽ അറിയാമെന്ന് ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ സെബാസ്റ്റ്യൻ കെഹ്ൽ. ഇരുപത്തിയൊന്ന് വയസുള്ള നോർവേ താരം ഈ വരുന്ന സമ്മറിൽ ക്ലബ് വിട്ടാലും അതിൽ തനിക്ക് യാതൊരു അത്ഭുതവും തോന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എർലിങ് ഹാലൻഡിനായി യൂറോപ്പിലെ നിരവധി പ്രമുഖ ക്ലബുകൾ രംഗത്തുണ്ടെങ്കിലും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിക്കാണ് താരത്തെ സ്വന്തമാക്കാൻ സാധ്യത കൂടുതൽ. ഈ സീസൺ കഴിയുന്നതോടെ എഴുപത്തിയഞ്ചു മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് നിലവിൽ വരുമെന്നതിനാൽ ഭാവിയെപ്പറ്റി താരം എടുക്കുന്ന തീരുമാനം തന്നെയാണ് അന്തിമമാവുക.
Erling Haaland will make a decision on his future 'in the next week', says Dortmund chief https://t.co/ZtgoWacpIw
— MailOnline Sport (@MailSport) May 8, 2022
"അടുത്തയാഴ്ച്ച അതിൽ വ്യക്തത വരുമെന്ന് ഞാൻ കരുതുന്നു. അവസാനം താരം ക്ലബ് വിട്ടാലും അതിലെനിക്ക് ആശ്ചര്യമൊന്നും തോന്നില്ല." സ്പോർട്ട് വണിലെ ഒരു പരിപാടിയിൽ സംസാരിക്കേ ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്റ്റർ പറഞ്ഞു.
ഹാലൻഡിനു പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ച വിവരവും അദ്ദേഹം സ്ഥിരീകരിച്ചു. ഹാലൻഡിന്റെ തന്നെ മുൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന ജർമൻ താരം കരിം അദേയാമിയെയാണ് ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇരുപതുകാരനായ താരത്തിനു വേണ്ടിയുള്ള ട്രാൻസ്ഫർ ചർച്ചകളിൽ ഈയാഴ്ച്ച മുന്നേറ്റമുണ്ടാകും എന്ന പ്രതീക്ഷയും കെഹ്ൽ പ്രകടിപ്പിച്ചു.
ഈ സീസണിൽ ഇരുപത്തിമൂന്നു ലീഗ് മത്സരങ്ങൾ കളിച്ച എർലിങ് ഹാലൻഡ് ഇരുപത്തിയൊന്ന് ഗോളും ഏഴ് അസിസ്റ്റുമാണ് അതിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. താരത്തെ സ്വന്തമാക്കുന്നതിൽ സിറ്റി വിജയിച്ചാൽ അടുത്ത സീസണിൽ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സംഘമായി അവർ മാറുമെന്നതിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.