ഭാവിയെക്കുറിച്ചുള്ള എർലിങ് ഹാലൻഡിന്റെ തീരുമാനം അടുത്ത മാസമുണ്ടാകും


ബൊറൂസിയ ഡോർട്മുണ്ട് താരമായ ഏർലിങ് ബ്രൂട് ഹാലൻഡ് തന്റെ ഭാവിയെക്കുറിച്ച് അടുത്ത മാസം തീരുമാനം എടുക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത സമ്മറിൽ ബൊറൂസിയ ഡോർട്മുണ്ട് വിട്ട് യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുന്നതിനെ കുറിച്ചുള്ള തീരുമാനമാണ് അഡക മാസം നോർവീജിയൻ സ്ട്രൈക്കർ എടുക്കാനൊരുങ്ങുന്നതെന്ന് ഗോൾ ആണു റിപ്പോർട്ട് ചെയ്യുന്നത്.
2024 വരെ ബൊറൂസിയ ഡോർട്മുണ്ടുമായി കരാർ ഉണ്ടെങ്കിലും ഈ സീസൺ കഴിയുന്നതോടെ എർലിങ് ഹാലൻഡിന്റെ 75 മില്യൺ യൂറോയോളം വരുന്ന റിലീസിംഗ് ക്ളോസ് നിലവിൽ വരുമെന്ന റിപ്പോർട്ടുകളുണ്ട്. ഇതു മുതലെടുത്ത് യൂറോപ്പിലെ ഏറ്റവും മികച്ച യുവസ്ട്രൈക്കറായി കരുതപ്പെടുന്ന താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളാണ് സജീവമായി രംഗത്തുള്ളത്.
Haaland's position https://t.co/gdVRuazPZH
— SPORT English (@Sport_EN) February 25, 2022
ഈ സമ്മറിൽ തന്നെ എർലിങ് ഹാലൻഡിനെ നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടെങ്കിലും താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ഡോർട്മുണ്ട് നടത്തുന്നുണ്ട്. ഹാലൻഡ് മികച്ച ഫോമിൽ കളിക്കുന്നുണ്ട് എന്നതും റിലീസിംഗ് ക്ളോസിന്റെ ഭീഷണി അവസാനിപ്പിക്കുന്ന തരത്തിൽ താരവുമായി പുതിയൊരു കരാർ ഒപ്പിട്ടാൽ ഈ സമ്മറിൽ ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം തുക ലഭിക്കുമെന്നതുമാണ് നോർവീജിയൻ സ്ട്രൈക്കറെ നിലനിർത്താൻ ഡോർട്മുണ്ടിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി ഹാലാൻഡ് ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും കിരീടങ്ങൾ നേടുന്നതിൽ ജർമൻ ക്ലബ് പുറകിലാണ്. റെഡ്ബുൾ സാൽസ്ബർഗിൽ 2019ൽ താരം ജർമനിയിൽ എത്തിയതിനു ശേഷം ഒരേയൊരു കിരീടം മാത്രമാണ് ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമായാക്കിയിരിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് താരം ക്ലബിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.
അതേസമയം ഏതു ക്ലബിനു വേണ്ടിയാണ് ഹാലാൻഡ് അടുത്ത സീസണിൽ കളിക്കുകയെന്നറിയാൻ ആരാധകർ അക്ഷമയോടെ കാത്തിരിക്കയാണ്. റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളെല്ലാം താരത്തിന്റെ ഏജന്റുമായി ട്രാൻസ്ഫർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എംബാപ്പെ റയൽ മാഡ്രിഡിൽ എത്തിയില്ലെങ്കിൽ ലോസ് ബ്ലാങ്കോസിനു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.