ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കില്ലെന്ന തീരുമാനമെടുത്ത് എർലിങ് ഹാലൻഡ്


ബൊറൂസിയ ഡോർട്മുണ്ട് താരവും നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കരുതപ്പെടുകയും ചെയ്യുന്ന എർലിങ് ബ്രൂട് ഹാലൻഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നില്ലെന്ന തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബുകളുടെ ഓഫർ സ്വീകരിക്കേണ്ടതില്ലെന്നു താരം അറിയിച്ചതായി സ്പാനിഷ് മാധ്യമം സ്പോർട് ആണു വെളിപ്പെടുത്തിയത്.
ഇരുപത്തിയൊന്നാം വയസിൽ തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്ന പേരു നേടിയിട്ടുള്ള ഹാലൻഡിന്റെ റിലീസിംഗ് ക്ളോസ് ഈ സീസണിന്റെ അവസാനം എഴുപത്തിയഞ്ചു മില്യനായി കുറയുമെന്നിരിക്കെ താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർ താരത്തിനായി വല വിരിച്ചിട്ടുണ്ടെന്നിരിക്കെയാണ് ഇംഗ്ലണ്ടിലേക്കില്ലെന്ന തീരുമാനം താരം എടുക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരെയാണ് ഹാലൻഡ് അടുത്ത സമ്മറിൽ ഉന്നം വെക്കുന്നത്. എർലിങ് ഹാലൻഡിന്റെ അച്ഛനായ ആൽഫ് ഇങ് സിറ്റിക്കു വേണ്ടി കളിച്ചിട്ടുള്ളതിനാൽ അദ്ദേഹം മകനെ എത്തിഹാദിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും താരം ലക്ഷ്യമിടുന്നത് സ്പെയിനിൽ എത്താനാണ്.
പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നില്ലെന്ന തീരുമാനമെടുത്താൽ എർലിങ് ഹാലൻഡിനു വേണ്ടിയുള്ള പോരാട്ടത്തിൽ ബാഴ്സയും റയൽ മാഡ്രിഡും മാത്രമാകും പിന്നീടുണ്ടാകുക. ഹാലൻഡിനെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ക്ലബായ ബയേൺ മ്യൂണിക്ക് താരത്തിന്റെ ട്രാൻസ്ഫറിൽ താൽപര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രം നോർവേ താരത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ബാക്കി വന്നാൽ എംബാപ്പയുടെ ഭാവി കൂടി ഹാലാൻഡിന്റെ തിരഞ്ഞെടുപ്പിൽ നിർണായകമാകും. എംബാപ്പെ റയൽ മാഡ്രിഡിലേക്ക് വന്നാൽ ഹാലൻഡ് ബാഴ്സയെ തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. അതേസമയം എംബാപ്പ പിഎസ്ജിയിൽ തുടർന്നാൽ ഹാലാൻഡ് റയൽ മാഡ്രിഡിലേക്കാവും ചേക്കേറുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.