Manchester City News

മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കാറാനുള്ള കാരണം വെളിപ്പെടുത്തി എർലിങ് ഹാലൻഡ്

Sreejith N
Erling Haaland Reveals Reason To Join Man City
Erling Haaland Reveals Reason To Join Man City / Srdjan Stevanovic/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് പ്രീമിയർ ലീഗ് ക്ലബ് അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമ്പത്തിയൊന്നു മില്യൺ പൗണ്ടിലധികമുള്ള റിലീസിംഗ് ക്ലോസ് നൽകി മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസം ക്ലബിന് തന്റെ ആദ്യത്തെ അഭിമുഖവും നൽകുകയുണ്ടായി.

നിലവിലെ ഏറ്റവും മികച്ച യുവസ്ട്രൈക്കർമാരിൽ ഒരാളായ എർലിങ് ഹാലാൻഡിനായി യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം രംഗത്തു വന്നിരുന്നെങ്കിലും ഒടുവിൽ താരം തിരഞ്ഞെടുത്തത് തന്റെ പിതാവ് മുൻപ് കളിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റിയെയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള കാരണം താരം വ്യക്തമാക്കുകയുണ്ടായി.

"കഴിഞ്ഞ സീസണുകളിൽ ഞാൻ മാഞ്ചസ്റ്റർ സിറ്റിയെ ഒരുപാട് കാണുകയും അവരെ ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. അവരുടെ കേളീശൈലിയെ ആരാധിച്ചെ മതിയാവൂ. അത്ഭുതപ്പെടുത്തുന്ന ഒന്നാണത്. അവർ ഒരുപാട് അവസരങ്ങൾ സൃഷ്‌ടിക്കും. അതാണ് അവരുടെ ശൈലിയും ആക്രമണ ഫുട്ബോളും. എനിക്ക് ആക്രമണ ഫുട്ബോളാണ് ഇഷ്‌ടം. സിറ്റിയുടെ ഫുട്ബോൾ കാണുമ്പോൾ എനിക്ക് നല്ല അനുഭവമാണുള്ളത്."

"നിരവധി ലോകോത്തര താരങ്ങളുള്ള ടീമിനെ നയിക്കുന്ന പെപ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്. അതിനാൽ തന്നെ ഞാൻ എന്റെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ശരിയായ സ്ഥലത്താണെന്ന് എനിക്കു തോന്നുന്നു. ഗോളുകൾ നേടാനും കിരീടങ്ങൾ നേടാനും ഒരു ഫുട്ബോൾ താരമെന്ന നിലയിൽ ആത്മവിശ്വാസം നേടാനും ഇവിടെ എനിക്ക് കഴിയുമെന്ന വിശ്വാസമുണ്ട്. പ്രീ സീസൺ തുടങ്ങാൻ കാത്തിരിക്കയാണ് ഞാൻ" സിറ്റി വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഹാലാൻഡ് പറഞ്ഞു.

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായ സിറ്റി ഓരോ സീസണിലും ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ഒന്നായാണ് ഇറങ്ങുകയെങ്കിലും ഇതുവരെയും കിരീടമുയർത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. എർലിങ് ഹാലൻഡിന്റെ വരവോടെ കിരീടം നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ അവർക്കുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit