ബൊറൂസിയ ഡോർട്മുണ്ട് തനിക്കു മേൽ സമ്മർദ്ദം ചെലുത്തുന്നു, ജർമൻ ക്ലബിനെതിരെ എർലിങ് ഹാലൻഡ്

Borussia Dortmund v Sport-Club Freiburg - Bundesliga
Borussia Dortmund v Sport-Club Freiburg - Bundesliga / Lars Baron/GettyImages
facebooktwitterreddit

ഭാവിയെക്കുറിച്ച് തീരുമാനം എടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് തനിക്കു മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന പരാതിയുമായി ക്ലബിന്റെ സൂപ്പർസ്‌ട്രൈക്കറായ എർലിങ് ബ്രൂട് ഹാലൻഡ്. തനിക്ക് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമാണ് താൽപര്യമെന്നും എന്നാൽ ജർമൻ ക്ലബ് ഇപ്പോൾ തനിക്കു മേൽ ചെലുത്തുന്ന സമ്മർദ്ദം മൂലം ഇപ്പോൾ അതിനു കഴിയുന്നില്ലെന്നും താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇരുപത്തിയൊന്നാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി പേരെടുത്ത എർലിങ് ബ്രൂട് ഹാലൻഡിനായി യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. അടുത്ത സമ്മറിൽ താരത്തിന്റെ റിലീസിംഗ് ക്ളോസ് 64 മില്യൺ പൗണ്ടായി കുറയുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് താരത്തിന്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ഡോർട്മുണ്ട് നിർബന്ധിക്കുന്നത്.

എന്നാൽ തനിക്കു മേൽ ചെലുത്തുന്ന ഈ സമ്മർദ്ദം ക്ലബിലും ഈ സീസണിലും പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നും തന്നെ തടയുന്നുവെന്നാണ് ഹാലാൻഡ് പറയുന്നത്. ജർമൻ ലീഗിൽ ഫ്രീബർഗിനെതിരെ ബൊറൂസിയ ഡോർട്മുണ്ട് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഇരട്ടഗോൾ നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു ഹാലാൻഡ്.

"കഴിഞ്ഞ ആറു മാസം ഡോർട്മുണ്ടിനോടുള്ള ബഹുമാനം കൊണ്ട് ഒന്നും പറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. എന്നാലിപ്പോൾ ക്ലബ് ഒരു തീരുമാനം എടുക്കാൻ എന്നിൽ സമ്മർദ്ദം ചെലുത്തുകയാണ്. പക്ഷെ, എനിക്കു വേണ്ടത് ഫുട്ബോൾ കളിക്കുക എന്നതു മാത്രമാണ്. പക്ഷെ അവർ ഭാവിയെക്കുറിച്ച് ഒരു തീരുമാനം കൈക്കൊള്ളാൻ കടുത്ത സമ്മർദ്ദമാണ് എന്നിൽ ചെലുത്തുന്നത്. അതിനാൽ ഞാനൊരു തീരുമാനം എടുക്കുകയും വേണം."

"തുടക്കം മുതൽ തന്നെ ഞാൻ പറഞ്ഞിരുന്നത് എനിക്ക് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ്, കാരണം അതിലാണ് ഞാൻ ഏറ്റവും മികവു കാണിക്കുന്നത്, എന്നാൽ മറ്റു കാര്യങ്ങൾ അതിനിടയിൽ വന്നാൽ എനിക്കതിനു കഴിയാറില്ല. ഇപ്പോൾ കുറച്ചായി അവർ എനിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ ഇതു പലതിന്റെയും തുടക്കമാണ്. ഫുട്ബോൾ കളിക്കുകയാണ് എനിക്കു വേണ്ടത്, എന്നാൽ അതിപ്പോൾ എനിക്ക് ചെയ്യാൻ കഴിയില്ല." വയപ്ലേയോട് ഹാലാൻഡ് പറഞ്ഞു.

റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ ഹാലാൻഡിന് 2024 വരെ കരാറുണ്ടെങ്കിലും അടുത്ത സമ്മറിൽ തന്നെ താരം ക്ലബ് വിടാനാണ് സാധ്യത. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് താരത്തിനായി പ്രധാനമായി രംഗത്തുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.