എർലിങ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച്ച

ബൊറൂസിയ ഡോര്‍ട്മുണ്ട് യുവതാരം എര്‍ലിങ് ഹാളണ്ടിനെ പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയതായി റിപോർട്ടുകൾ. സിറ്റിയില്‍ താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയായതായി ഫാബ്രിസിയോ റൊമാനോ ട്വിറ്ററില്‍ കുറിച്ചു.
"എര്‍ലിങ് ഹാലന്‍ഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, ഹിയർ വി ഗോ! ഹാലന്‍ഡ് ഇന്ന് പുതിയ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായി മെഡിക്കല്‍ ടെസ്റ്റ് പാസായി, അദ്ദേഹം ഡോര്‍ട്ട്മുണ്ടില്‍ തിരിച്ചെത്തി. ഈ ആഴ്ച ഔദ്യോഗികമാകും," റൊമാനോ ട്വിറ്ററില്‍ കുറിച്ചു.
ഏതാനും മറിക്കൂറുകള്‍ക്കുള്ളില്‍ ഹാളണ്ടിന്റെ റിലീസ് ക്ലോസ് തങ്ങൾ ട്രിഗർ ചെയ്യുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ ഡോര്‍ട്മുണ്ട് ബോര്‍ഡിനോട് വ്യക്തമാക്കിയതായും റൊമാനോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെല്‍ജിയത്തില്‍ വെച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
നേരത്തെ വ്യക്തിപരമായ കാരണങ്ങളാല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ഹാളണ്ടിനെ റിലീസ് ചെയ്യുന്നുവെന്ന് ക്ലബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം സിറ്റിയില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഏറെ കാലമായി ഹാലൻഡിന്റെ ഭാവി കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്ന റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ വമ്പന്‍മാരെല്ലാം ഹാളണ്ടിന്റെ പിറകെയുണ്ടായിരുന്നെങ്കിലും സിറ്റിക്കാണ് താരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞത്.
ഹാളണ്ടിനെ ബാഴ്‌സലോണയിലെത്തിക്കാന്‍ കാറ്റാലന്‍ ക്ലബ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അവർ നീക്കങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ ആഴ്ചയില്‍ തന്നെ ഹാളണ്ടിന്റെ ക്ലബ് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.