അഭ്യൂഹങ്ങളിൽ കഴമ്പില്ല, ഏതു ക്ലബിലേക്കെന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാതെ ഹാലൻഡ്


അടുത്ത സമ്മറിൽ ഏതു ക്ലബ്ബിലേക്കാണു ചേക്കേറുകയെന്ന കാര്യത്തിൽ ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡ് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് റിപ്പോർട്ടുകൾ. നോർവീജിയൻ താരം മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തിയെന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ തള്ളിയാണ് സ്പാനിഷ് മാധ്യമം മാർക്ക ഇക്കാര്യം പുറത്തുവിട്ടത്.
മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം താൻ ബൊറൂസിയ ഡോർട്മുണ്ടിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ തന്നെ എർലിങ് ഹാലൻഡ് ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ജർമൻ ക്ലബ് താരത്തിൽ നിന്നും ഉടനെയൊരു തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ഹാലൻഡിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ വേണ്ടിയാണിത്.
റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഹാലൻഡിനു വേണ്ടി ഇപ്പോൾ രംഗത്തുള്ളത്. റയൽ മാഡ്രിഡ് താരത്തിനു വേണ്ടി മുന്നോട്ടു വെച്ച ഓഫർ മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫറിനേക്കാൾ കുറഞ്ഞതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇരുപത്തിയൊന്നുകാരനായ താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ തഴഞ്ഞാൽ അതിനു പകരം ബെൻഫിക്കയിൽ നിന്നും ഡാർവിൻ നുനസിനെ സ്വന്തമാക്കാനും സിറ്റി ആലോചിക്കുന്നു.
അതേസമയം ഏതു ക്ലബുമായുള്ള കരാറും ഹാലൻഡിന് അവിടെ നിന്നും പുറത്തു കടക്കാൻ കഴിയാത്ത വിധത്തിൽ ആവരുതെന്നു ഏജന്റായ മിനോ റയോളക്കു നിർബന്ധമുണ്ട്. ഇതു മുന്നിൽ കണ്ട് മാഞ്ചസ്റ്റർ സിറ്റി വെറും രണ്ടു വർഷത്തെ കരാറാണ് എർലിങ് ഹാലൻഡിന് ഓഫർ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സീസൺ കഴിയുന്നതോടെ 75 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് നിലവിൽ വരുന്ന താരത്തെ ആ തുകക്ക് സ്വന്തമാക്കാൻ കഴിയുകയെന്നത് ക്ലബുകൾക്ക് ഭാഗ്യം തന്നെയാണ്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരം അതിൽ നിന്നും തിരിച്ചു വന്നാൽ ട്രാൻസ്ഫർ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിച്ചേക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.