Football in Malayalam

ലോകത്തെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് എര്‍ലിങ് ഹാളണ്ട്

Haroon Rasheed
FC St Pauli v Borussia Dortmund - DFB Cup: Round of Sixteen
FC St Pauli v Borussia Dortmund - DFB Cup: Round of Sixteen / Stuart Franklin/GettyImages
facebooktwitterreddit

ലോകത്തെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ യുവ താരം എര്‍ലിങ് ഹാളണ്ട്. ആദ്യ മൂന്ന് പേരില്‍ പി.എസ്.ജി താരം ലയണല്‍ മെസ്സി ഇടംപിടിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇടം ലഭിച്ചില്ല.

ഇ.എസ്.പി.എന്നിനോട് സംസാരിക്കുന്നതിനിടെയാണ് ഹാളണ്ട് ലോകത്തെ മികച്ച മൂന്ന് താരങ്ങള്‍ ആരെല്ലാമെന്ന് വ്യക്തമാക്കിയത്. "റോബര്‍ട്ട് ലെവന്‍ഡോസ്‌കി നമ്പര്‍ വണ്‍ ആണ്, പിന്നെ അതിശയകരമായ പ്രകടനം നടത്തുന്ന കരീം ബെന്‍സേമയും, മികച്ച താരമായ ലയണല്‍ മെസ്സിയുമുണ്ട്. അതില്‍ ബെന്‍സേമ രണ്ടും മെസ്സി മൂന്നാം സ്ഥാനവും പങ്കിടുന്നു," ഹാളണ്ട് വ്യക്തമാക്കി.

2021 ലെ ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് ലഭിച്ച താരമാണ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. അതേ സമയം 2021ലെ ബാലന്‍ ഡി പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് ലയണല്‍ മെസ്സി. ഇരുവരെയും ഹാളണ്ട് താരത്തിന്റെ പട്ടികയില്‍ പരിഗണിച്ചിട്ടുണ്ട്.

റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ പ്രധാന താരമാണ് 34ാം വയസിലും കരീം ബെന്‍സേമ. അതിനെ തുടര്‍ന്നാണ് താരത്തിന് ഹാളണ്ട് രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത്.

അതേ സമയം, ബൊറൂസിയ ഡോർട്മുണ്ടുമായി 2024 വരെ കരാർ ഉണ്ടെങ്കിലും, അടുത്ത സമ്മറിൽ ഹാളണ്ട് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബുകള്‍ ഹാളണ്ടിനെ സ്വന്തമാക്കുന്നതിന് വേണ്ടി രംഗത്തുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit