നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രതിരോധതാരം ആരാണെന്നു വെളിപ്പെടുത്തി എർലിങ് ബ്രൂട് ഹാലൻഡ്


പ്രതിരോധതാരങ്ങൾക്ക് വളരെയധികം തലവേദന നൽകുന്ന, നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡ്. തന്റെ കരിയറിൽ നിരവധി പ്രതിരോധതാരങ്ങൾക്കെതിരെ കളിക്കുകയും ഗോളുകൾ നേടുകയും ചെയ്തിട്ടുള്ള എർലിങ് ബ്രൂട് ഹാലൻഡ് കഴിഞ്ഞ ദിവസം അതിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ഡിഫൻഡർ ആരാണെന്നു വെളിപ്പെടുത്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ പ്രതിരോധതാരം വിർജിൽ വാൻ ഡൈക്കാണ് താൻ ഇതുവരെയുള്ള കരിയറിൽ നേരിട്ടതിൽ ഏറ്റവും മികച്ച ഡിഫെൻഡറെന്നാണ് എർലിങ് ഹാലൻഡ് പറയുന്നത്. താരത്തിനെതിരെ കളിച്ചിട്ടുള്ളപ്പോൾ ഒരു ഡ്യുവൽ പോലും താൻ വിജയിച്ചിട്ടില്ലെന്നും ഹാലൻഡ് പറഞ്ഞു.
Erling Haaland names toughest defender he couldn't win "one duel against"https://t.co/oHhgwOinij pic.twitter.com/Dp9pg8Ub97
— Mirror Football (@MirrorFootball) January 27, 2022
"എത്ര ഉയരവും വേഗതയും കരുത്തുമുള്ള താരമാണ് വാൻ ഡൈക്കെന്നു നിങ്ങൾക്കറിയാം. താരത്തിന്റെ ടൈമിങ്ങും അപാരമാണ്. കായികപരമായി വളരെ മുന്നിൽ നിൽക്കുന്ന താരത്തിനെതിരെ ഒരു ഡ്യുവൽ പോലും ഞാൻ വിജയിച്ചിട്ടുണ്ട് എന്നു ഞാൻ കരുതുന്നില്ല." ഇഎസ്പിഎന്നിനോട് സംസാരിക്കെ ഹാലൻഡ് വ്യക്തമാക്കി.
"ഞാൻ ശരിക്കും ആരെയും ഭയക്കുന്നില്ല. പക്ഷെ, വാൻ ഡൈക്കാണ് ഏറ്റവും മികച്ച പ്രതിരോധതാരമെന്നു ഞാൻ കരുതുന്നു. ഈ റൂമിലുള്ള കുറച്ച് പേരെങ്കിലും അതിനെ അംഗീകരിക്കുമെന്ന് ഞാൻ കരുതുന്നു. വേഗതയും കരുത്തും നല്ല വിവേകവും താരത്തിനുണ്ട്. അതു മൂന്നും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ രണ്ടു തവണ താരത്തിനെതിരെ കളിച്ചിട്ടുണ്ട്. ഞാൻ നേരിട്ടതിൽ ഏറ്റവും മികച്ച താരം അദ്ദേഹം തന്നെയാണ്." ഹാലൻഡ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങൾ ആരൊക്കെയാണെന്നും ഹാലൻഡ് പറഞ്ഞിരുന്നു. ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്കിയാണ് നിലവിൽ ലോകത്തിലെ മികച്ച താരമെന്നു പറഞ്ഞ ഹാലാൻഡ് കരിം ബെൻസിമ, ലയണൽ മെസി എന്നിവരെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ തിരഞ്ഞെടുത്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.