ഏർലിങ് ഹാളണ്ടിന് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയും; രംഗം കൊഴുക്കുന്നു

അടുത്ത സമ്മറില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ടിനെ ടീമിലെത്തിക്കാനുള്ള ടീമുകളുടെ എണ്ണം വര്‍ധിക്കുന്നു. ഒരു മുന്നേറ്റനിരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയും ഹാളണ്ടിന് വേണ്ടി രംഗത്തുണ്ടെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇതോടെ താരത്തിന് വേണ്ടിയുള്ള പോര് മുറുകുമെന്നുറപ്പായി. അടുത്ത സമ്മറില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുന്ന താരങ്ങളില്‍ ആദ്യത്തെ പേരാണ് ഹാളണ്ടിന്റേത്.
യൂറോപ്പിലെ വമ്പന്‍മാര്‍ക്കൊപ്പം ഹാളണ്ടിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും രംഗത്തെത്തിയതായി ദ അത്‌ലറ്റിക്ക് ആണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സിറ്റിയുടെ ലെഫ്റ്റ് ബാക്കിലേക്കും മധ്യനിരയിലേക്കും അവര്‍ക്ക് താരങ്ങളെ വേണമെങ്കിലും ഹാളണ്ടിനെയാണ് പെപ്പും സംഘവും ഇപ്പോള്‍ പ്രധാനമായും നോട്ടമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലാലിഗ വമ്പന്‍മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജി എന്നിവരെയും ഹാളണ്ടിനെയും ചേർത്ത് അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടയിലേക്കാണ് സിറ്റിയും കൂടി എത്തുന്നത്.
2020ല്‍ ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഗില്‍ നിന്ന് ഡോര്‍ട്മുണ്ടിലെത്തിയ ഹാളണ്ട് യൂറോപ്പിലെ മികച്ച മുന്നേറ്റ താരമായി മാറിയിട്ടുണ്ട് ഇപ്പോള്‍. ഡോര്‍ട്മുണ്ടില്‍ എത്തിയതിന് ശേഷം 75 മത്സരത്തില്‍ നിന്ന് 76 ഗോളുകള്‍ നേടിയ ഹാളണ്ട് സീസണ്‍ അവസാനത്തോടെ ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് യൂറോപ്പിലെ വമ്പന്‍മാര്‍ താരത്തിനായി രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.