ഹാലൻഡ് റയൽ മാഡ്രിഡിനെ ഇഷ്‌ടപ്പെടുന്നു, താരം ലോസ് ബ്ലാങ്കോസിലെത്തുമെന്ന് മുൻ റയൽ താരം

Sreejith N
FBL-GER-BUNDESLIGA-DORTMUND-UNION BERLIN
FBL-GER-BUNDESLIGA-DORTMUND-UNION BERLIN / INA FASSBENDER/Getty Images
facebooktwitterreddit

യൂറോപ്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ടൊരു ചർച്ചാ വിഷയമാണ് ബൊറൂസിയ ഡോർട്മുണ്ട് താരമായ ഏർലിങ് ബ്രൂട് ഹാലൻഡ് അടുത്ത സീസണിൽ ഏതു ക്ലബിനു വേണ്ടി കളിക്കുമെന്നത്. അവിശ്വസനീയമായ രീതിയിൽ ക്ലബിനും രാജ്യത്തിനായി ഗോളുകൾ അടിച്ചു കൂട്ടുന്ന നോർവീജിയൻ താരത്തിൽ യൂറോപ്പിലെ ഒട്ടുമിക്ക പ്രമുഖ ക്ലബുകൾക്കും വളരെയധികം താൽപര്യമുള്ളതു കൊണ്ടു തന്നെ അടുത്ത സമ്മറിൽ വലിയ പോരാട്ടം തന്നെയാവും ഹാലൻഡിനു വേണ്ടി നടക്കുക.

എന്നാൽ യൂറോപ്പിലെ മറ്റെല്ലാ ക്ലബുകളുടെയും ആഗ്രഹങ്ങളെ ഇല്ലാതാക്കി എർലിങ് ഹാലൻഡ് റയൽ മാഡ്രിഡിൽ എത്തുമെന്നും ലോസ് ബ്ലാങ്കോസിൽ താരത്തിനു വളരെയധികം താൽപര്യം ഉണ്ടെന്നുമാണ് സ്‌പാനിഷ്‌ ക്ലബിന്റെ മുൻ താരമായ സ്റ്റീവ് മക്മനാമൻ പറയുന്നത്. പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ഹാലാൻഡിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത സമ്മറിൽ ലിവർപൂൾ ഹാലാൻഡിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. റയൽ മാഡ്രിഡിലേക്കു താരം ചേക്കേറുമെന്നാണ് ഞാൻ കരുതുന്നത്. ക്ലബിന്റെ ആശയങ്ങളോടും അവിടുത്തെ ജീവിതരീതിയോടുമുള്ള വ്യക്തിപരമായ ഇഷ്‌ടം ഹാലൻഡിനെ അവിടേക്കു തന്നെ എത്തിച്ചേക്കും." ഹോഴ്‌സ്‌റേസിങ്.ഇന്നിലെ ഒരു കോളത്തിൽ മുൻ റയൽ താരം പറഞ്ഞു.

"ട്രാൻസ്‌ഫർ ഫീസ് കാരണമല്ല ലിവർപൂളിന്‌ ഹാലാൻഡിനെ സ്വന്തമാക്കാൻ കഴിയില്ലെന്നു ഞാൻ വിശ്വസിക്കുന്നത്, ഇതുപോലെ കഴിവുള്ളൊരു താരത്തിന്റെ അനുബന്ധ കരാറുകളാണ്. താരത്തിന് വൻതുക ശമ്പളമായി വേണ്ടി വരുമെന്നതിനാൽ മറ്റു താരങ്ങളും അതാവശ്യപ്പെട്ടേക്കും. മിനോ റയോളക്കു മാത്രമായും വൻതുക വേണ്ടി വരും എന്നതിനാൽ ലിവർപൂൾ അതിൽ ഇടപെടാൻ ആഗ്രഹിക്കുമെന്ന് ഞാൻ കരുതുന്നില്ല," മക്മനാമൻ പറഞ്ഞു നിർത്തി.

facebooktwitterreddit