Football in Malayalam

അഭിപ്രായങ്ങൾ മാറ്റി ഹാലൻഡ്, ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് താരം

Sreejith N
TSG Hoffenheim v Borussia Dortmund - Bundesliga
TSG Hoffenheim v Borussia Dortmund - Bundesliga / Alexander Scheuber/GettyImages
facebooktwitterreddit

തന്റെ ഭാവിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന മുൻ വിമർശനങ്ങളിൽ നിന്നും പുറകോട്ടു പോയി എർലിങ് ബ്രൂട് ഹാലൻഡ്. താനുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ കൂടുതലായി യാതൊന്നും പ്രതികരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കി.

2024 വരെ ബൊറൂസിയ ഡോർട്മുണ്ടുമായി എർലിങ് ഹാലൻഡിനു കരാറുണ്ടെങ്കിലും ഈ സമ്മറിൽ 70 മില്യൺ യൂറോയിലധികം വരുന്ന താരത്തിന്റെ റിലീസ് ക്ളോസ് നിലവിൽ വരുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. യൂറോപ്പിലെ നിരവധി ക്ലബുകൾ ഈ അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനും രംഗത്തുണ്ട്.

ഈ മാസത്തിന്റെ തുടക്കത്തിലാണ് ബൊറൂസിയ ഡോർട്മുണ്ട് തനിക്കു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഹാലൻഡ് പറഞ്ഞത്. എന്നാൽ ഇതു നിഷേധിച്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്‌ടറും സിഇഒയും രംഗത്തു വന്നിരുന്നു. ഇതിനു ശേഷം ട്രാൻസ്ഫറിനെ കുറിച്ചുള്ള ചോദ്യം ഉണ്ടായപ്പോഴാണ് ഹാലൻഡ് അതിൽ നിന്നും ഒഴിഞ്ഞു മാറിയത്.

"എനിക്കതേക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാൻ ആഗ്രഹമില്ല. ഇത് അതേപ്പറ്റി സംസാരിക്കാനുള്ള സമയമാണെന്ന് എനിക്കു തോന്നിയിരുന്നു. മറ്റുള്ള ഒരുപാട് പേർ ഇതേപ്പറ്റി സംസാരിക്കുന്നു, അതങ്ങിനെയാണ്. എനിക്കിപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ ഒന്നുമില്ല. ഞാൻ പറയാനുള്ളത് പറഞ്ഞു, നമുക്കതിൽ നിന്നും മാറി നിൽക്കാം." സ്കൈ സ്പോർട്സിനോട് ഹാലൻഡ് പറഞ്ഞു.

സമ്മറിൽ ഏറ്റവുമധികം ക്ലബുകൾ സ്വന്തമാക്കാൻ ശ്രമം നടത്തുക ഹാലൻഡിനു വേണ്ടിത്തന്നെയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിലവിൽ തന്നെ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit