Football in Malayalam

ബാഴ്‌സലോണക്കു വേണ്ടി കാത്തിരിക്കാൻ എർലിങ് ഹാലൻഡിനു കഴിയുമെന്ന് മിനോ റയോള

Sreejith N
VfL Wolfsburg v Borussia Dortmund - Bundesliga
VfL Wolfsburg v Borussia Dortmund - Bundesliga / Martin Rose/GettyImages
facebooktwitterreddit

എർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്കു സാധ്യതയുണ്ടെന്നു സ്ഥിരീകരിച്ച് താരത്തിന്റെ ഏജന്റായ മിനോ റയോള. ബാഴ്‌സലോണ ഉൾപ്പെടെ ഏതു ക്ലബിനു വേണ്ടിയും കാത്തിരിക്കാൻ ഹാലൻഡിനു കഴിയുമെന്നും താരം ഒരു സീസൺ കൂടി ബൊറൂസിയ ഡോർട്മുണ്ടിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും മിനോ റയോള പറഞ്ഞു.

"ഹാലൻഡിനു ബാഴ്‌സലോണക്കു വേണ്ടി കാത്തിരിക്കാൻ കഴിയുമോ? ഹാലൻഡിന് ആർക്കു വേണ്ടിയും കാത്തിരിക്കാൻ കഴിയും. ഞങ്ങൾക്ക് ഒരു ക്ലബുമായും പ്രീ എഗ്രിമെന്റില്ല. ഏറ്റവും മികച്ച ഓപ്‌ഷനുകൾ ഞങ്ങൾ നോക്കും, ഒരു വർഷം കൂടി ഡോർട്മുണ്ടിൽ തുടരുന്നതിനുള്ള സാധ്യതയും ഞങ്ങൾ തള്ളുന്നില്ല. സൈദ്ധാന്തികപരമായി അതിനു സാധ്യതയുണ്ട്."

എൻഓഎസ് ടെലിവിഷൻ ചാനലിനോട് സംസാരിക്കുമ്പോൾ ബാഴ്‌സലോണ നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും റയോള പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളെ മറികടക്കാൻ ക്ലബിനു കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നു വ്യക്തമാക്കിയ റയോള ഒന്നു രണ്ടു വർഷത്തിൽ അവർ പ്രതാപം വീണ്ടെടുക്കും എന്നും പറഞ്ഞു.

"നിലവിലെ സാഹചര്യങ്ങളിലും ബാഴ്‌സലോണ ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നു തന്നെയാണ്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർ തിരിച്ചു വരും. വലിയ സാമ്പത്തിക കരാറുകൾ ഉണ്ടാക്കാനുള്ള കരുത്ത് ബാഴ്‌സലോണക്കുണ്ട്. ഉന്നതിയിലേക്ക് തിരിച്ചെത്താൻ അവർക്ക് ഒന്നോ രണ്ടോ വർഷങ്ങൾ മാത്രം മതി," അദ്ദേഹം വ്യക്തമാക്കി.

അതേസമയം കടുത്ത ബാഴ്‌സലോണ ആരാധകർക്കു പോലും നിലവിലെ സാഹചര്യത്തിൽ ഹാലൻഡ് ക്ലബിലെത്തുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഉണ്ടാവില്ല. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ താരത്തിനു വേണ്ടി അടുത്ത സമ്മറിൽ വമ്പൻ തുക വാരിയെറിയാൻ നിരവധി ക്ലബുകളാണ് തയ്യാറെടുക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit