Football in Malayalam

ബാഴ്‌സലോണക്ക് പിന്നാലെ റയൽ മാഡ്രിഡ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി ഹാലൻഡിന്റെ ഏജന്റ് മിനോ റയോള

Sreejith N
1. FC Koeln v Borussia Dortmund - Bundesliga
1. FC Koeln v Borussia Dortmund - Bundesliga / Lars Baron/Getty Images
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ എർലിങ് ഹാലൻഡിന്റെ പിതാവ് ആൽഫ്-ഇങ് ഹാലൻഡും, ഏജന്റായ മിനോ റയോളയും ഇന്നലെ ബാഴ്‌സലോണയിലെത്തി പ്രസിഡന്റ് ലപോർട്ടയുമായി ട്രാൻസ്‌ഫർ സംബന്ധമായ പ്രാഥമിക ചർച്ചകൾ നടത്തിയ വാർത്തകളായിരുന്നു ഫുട്ബോൾ ലോകത്ത് സജീവമായിരുന്നത്. എന്നാൽ സ്പെയിനിലെത്തിയ റയോള ബാഴ്‌സലോണ പ്രസിഡന്റിനെ മാത്രമല്ല, റയൽ മാഡ്രിഡ് പ്രതിനിധികളെയും സന്ദർശിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ബൊറൂസിയ ഡോർട്മുണ്ടുമായി താരത്തിന്റെ ഭാവിയെ സംബന്ധിച്ച ചർച്ചകൾ റിയോള നടത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം ബാഴ്‌സയിലെത്തി ക്ലബ് പ്രസിഡന്റ് ലപോർട്ടയുമായി ചർച്ചകൾ നടത്തിയത്. അതിനു പിന്നാലെ മാഡ്രിഡിലേക്ക് വിമാനം കയറിയ റയോളയും ഹാലാൻഡിന്റെ പിതാവും ഉച്ചക്ക് ശേഷം സ്‌പാനിഷ്‌ തലസ്ഥാനത്തെത്തിയാണ് റയൽ മാഡ്രിഡ് പ്രതിനിധികളെ സന്ദർശിച്ചതെന്ന് കദേന കോപ്പ് റിപ്പോർട്ടു ചെയ്യുന്നു.

ഹാലൻഡിനു നൽകാനൊരുക്കമുള്ള ഓഫറുകളെ കുറിച്ചും താരത്തിനു വേണ്ടി ഡോർട്മുണ്ടിന് നൽകേണ്ടി വരുന്ന ട്രാൻസ്‌ഫർ ഫീസിനെ സംബന്ധിച്ചുമുള്ള പ്രാഥമിക ചർച്ചകളാണ് റയൽ മാഡ്രിഡും റയോളയും തമ്മിലുള്ള ചർച്ചകളിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സമ്മറിൽ താരത്തെ സ്വന്തമാക്കാൻ റയലിന് വളരെയധികം താത്പര്യമുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.

അതേസമയം ബാഴ്‌സലോണയുമായി ഹാലാൻഡിന്റെ ഏജന്റ് നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനൊ പറയുന്നു. ബാഴ്‌സലോണയുടെ പുതിയ പ്രോജെക്റ്റും അതിൽ ഹാലാൻഡിനുള്ള പ്രാധാന്യവുമാണ് പ്രധാനമായും ചർച്ചകളിൽ വിഷയമായത്.

സ്പെയിനിലെ രണ്ടു ശക്തികേന്ദ്രങ്ങൾക്കും ബൊറൂസിയ ഡോർട്മുണ്ട് താരത്തിലുള്ള താല്പര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇതുകൂടാതെ പ്രീമിയർ ലീഗിലെ ഏതാനും ക്ലബുകളും നോർവേ സ്‌ട്രൈക്കർക്കായി ശ്രമം നടത്തുന്നുണ്ട്. എന്തായാലും അടുത്ത സമ്മറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുക ഹാലാൻഡിനു വേണ്ടി തന്നെയായിരിക്കും.

facebooktwitterreddit