"ഇരുപത്തിയഞ്ചു മിനുട്ടെന്ന പന്തു തൊടാൻ സമ്മതിച്ചില്ല"- മാഞ്ചസ്റ്റർ സിറ്റി വേറെ ലെവൽ ടീമാണെന്ന് എർലിങ് ഹാലൻഡ്‌

Erling Haaland Admits Man City Are A Different Level Team
Erling Haaland Admits Man City Are A Different Level Team / George Wood/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയുടെ ശൈലിയുമായി ഏറ്റവും മികച്ച രീതിയിൽ ഇണങ്ങിച്ചേരാൻ തന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്തേണ്ടി വരുമെന്നു വ്യക്തമാക്കി എർലിങ് ബ്രൂട്ട് ഹാലൻഡ്. രണ്ടു ടീമുകളും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയ സമയത്ത് തനിക്കുണ്ടായ അനുഭവം അതിനു കാരണമായി താരം വെളിപ്പെടുത്തുകയും ചെയ്‌തു.

ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം രണ്ടര വർഷം കളിച്ച എർലിങ് ബ്രൂട്ട് ഹാലൻഡ് നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്. ഗോൾമുഖത്ത് അപകടം വിതക്കാൻ കഴിയുന്ന താരം പക്ഷെ മുൻപുണ്ടായിരുന്ന റെക്കോർഡുകളിൽ കാര്യമില്ലെന്നും നിലവിൽ ടീമിലുള്ള സഹതാരങ്ങളുമായി ഇണങ്ങിച്ചേർന്നാലേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നും അഭിപ്രായപ്പെട്ടു.

"ഇതൊരു വലിയ വെല്ലുവിളിയാണ്. പുതിയ രാജ്യം, പുതിയ ലീഗ്, പുതിയ പരിശീലകൻ എന്നിങ്ങനെ എല്ലാം പുതിയതാണ്, അതൊരു വലിയ വെല്ലുവിളിയുമാണ്. എന്നാൽ പുതിയൊരു ക്ലബിലേക്ക് ചേക്കേറുന്നത് എങ്ങിനെയാണെന്ന് എനിക്കറിയാം. ഞാനത് ഇതിനു മുൻപും ചെയ്‌തിട്ടുണ്ട്‌. അതിനെ തന്നെയാണ് ഞാൻ ഉറ്റു നോക്കുന്നത്."

"അവസാന വർഷം ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ അവരുമായി ഏറ്റുമുട്ടിയിരുന്നു. എന്നാൽ ടിവിയിൽ കാണുന്നതും അവരെ നേരിടുന്നതും വളരെ വ്യത്യസ്‌തമാണ്‌. ഇരുപത്തിയഞ്ചു മിനുട്ടോളം ഞാൻ പന്തു തൊട്ടിട്ടില്ല. 'ടിക്കി-ടാക്കയൊന്നു നിർത്തൂ ഗുണ്ടോഗൻ' എന്നു പറയാനാണ് എനിക്കു തോന്നിയത്."

"അവർ കളിക്കുന്നത് മറ്റൊരു തലത്തിൽ ആയതിനാൽ തന്നെയാണ് എനിക്കതിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടായത്. എന്തിലാണ് ഞാൻ മെച്ചപ്പെടേണ്ടത്? എല്ലാത്തിലും. ഹെഡിങ്, ഷൂട്ടിങ്, ലെഫ്റ്റ് ഫൂട്ട്, റൈറ്റ് ഫൂട്ട്, പന്ത് കയ്യിലുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള നീക്കങ്ങൾ എന്നിവയെല്ലാം." എർലിങ് ഹാലൻഡ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.