Football in Malayalam

ഡെൻമാർക്ക് ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ രണ്ടു മിനുട്ടിനുള്ളിൽ ഗോൾ, വൈകാരിക പ്രതികരണവുമായി എറിക്‌സൺ

Sreejith N
Eriksen Reacts Emotional After Denmark Return
Eriksen Reacts Emotional After Denmark Return / Dean Mouhtaropoulos/GettyImages
facebooktwitterreddit

ഉയർന്ന നിലവാരത്തിലുള്ള പ്രകടനം ഇപ്പോഴും കാണിക്കാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന് ഡെൻമാർക്ക് മധ്യനിര താരമായ ക്രിസ്റ്റൻ എറിക്‌സൺ. നെതർലാൻഡ്‌സിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഡെന്മാർക്കിനു വേണ്ടി ഗോൾ നേടിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ഡെൻമാർക്ക് തോൽവി വഴങ്ങിയെങ്കിലും എറിക്‌സന്റെ ഗോൾ ഫുട്ബോൾ ആരാധകർ ആഘോഷമാക്കിയിരുന്നു.

കഴിഞ്ഞ യൂറോ കപ്പിലെ മത്സരത്തിനിടയിൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് കുറച്ചു കാലം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന എറിക്‌സൺ അതിനു ശേഷം ക്ലബ് തലത്തിൽ കളിച്ചു തുടങ്ങിയെങ്കിലും ദേശീയ ടീമിനു വേണ്ടി അതിനു ശേഷം ആദ്യമായാണ് കളിക്കളത്തിലിറങ്ങുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം രണ്ടു മിനുറ്റിനകം തന്നെ ഗോൾ കുറിക്കുകയും ചെയ്‌തു.

"എനിക്കിപ്പോഴും കളിക്കാൻ കഴിയുമെന്ന് കാണിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഞാൻ ഒരിക്കലും ടീമിൽ നിന്നും മാറി നിന്നിട്ടില്ലെന്നതു പോലെയാണ് അനുഭവപ്പെട്ടത്. ദേശീയ ടീമിലേക്ക് തിരികെയെത്താനായത് വൈകാരികത സൃഷ്‌ടിച്ച അനുഭവമായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ മത്സരങ്ങളൊന്നും നഷ്‌ടമാക്കിയിട്ടില്ല എന്നതിനാൽ തന്നെ ഞാനീ കുടുംബത്തിന്റെ ഭാഗമെന്നതു പോലെയായിരുന്നു."

"നെതർലാൻഡ്‌സ് ആരാധകരും എന്നെ സ്വാഗതം ചെയ്തിരുന്നു. ഞാനിവിടെ ഒരുപാട് വർഷങ്ങൾ കളിച്ചിട്ടുള്ളതിനാൽ അവർക്ക് എന്നെ അറിയാം. അതൊരു ഹൃദയഹാരിയായ സ്വീകരണം തന്നെയായിരുന്നു. പന്ത് എന്നിലേക്ക് വന്നപ്പോൾ ഞാൻ സന്തോഷിച്ചു, അതൊരു മനോഹരമായ ഫിനിഷിങ്ങും ആയിരുന്നു. ദേശീയ ടീമിനു വേണ്ടിയുള്ള തിരിച്ചു വരവ് ഏറ്റവും മികച്ച രീതിയിലായി."

"ഖത്തർ ലോകകപ്പിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതിനു മുൻപ് ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട് എന്നതിനാൽ അതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്." മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് എറിക്‌സൺ പറഞ്ഞു.

മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡെന്മാർക്ക് ഹോളണ്ടിനോട് പരാജയം വഴങ്ങിയത്. ഹോളണ്ടിനായി ബെർഗവിൻ ഇരട്ടഗോളുകളും ആക്കെ, ഡീപേയ് എന്നിവർ ഓരോ ഗോളും നേടിയപ്പോൾ ഡെന്മാർക്കിന്റെ മറ്റൊരു ഗോൾ വെസ്റ്റ്ഗാർഡിന്റെ വകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit