ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഉടനെയെത്തുമെന്ന് എറിക് ടെൻ ഹാഗ്


ഡച്ച് ലീഗ് സീസൺ പൂർത്തിയായതിനു പിന്നാലെ തന്നെ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്ന് നിലവിൽ അയാക്സ് പരിശീലകനായ എറിക് ടെൻ ഹാഗ്. ഒരുപാട് കാര്യങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചെയ്തു തീർക്കാനുള്ളതു കൊണ്ടാണ് ഒഴിവുദിവസങ്ങൾ പോലും എടുക്കാതെ ഇംഗ്ലണ്ടിലേക്ക് എത്തുന്നതെന്നും ഈ സീസണിൽ അയാക്സിനു ഡച്ച് ലീഗ് നേടിക്കൊടുത്ത ടെൻ ഹാഗ് പറഞ്ഞു.
ആഴ്ചകൾക്കു മുൻപു തന്നെ താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്കിനു പകരം അടുത്ത സീസണിൽ എറിക് ടെൻ ഹാഗ് ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ കുറെ സീസണുകളായി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടിയിട്ടില്ല എന്നിരിക്കെ ടെൻ ഹാഗിന്റെ വരവിനെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.
Erik ten Hag said goodbye to Ajax fans as he prepared to join Manchester United ahead of schedule ? pic.twitter.com/wODNmFCU9H
— GOAL (@goal) May 15, 2022
"ഞാൻ വളരെ വേഗത്തിൽ തന്നെ ഇടം മാറുകയാണ്. അതു വളരെ അത്യാവശ്യമാണ്. കാരണം ഒരുപാട് കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്. ഡച്ച് സീസൺ പൂർത്തിയായതിനു പിന്നാലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടക്കം കുറിക്കാനുള്ള ഊർജ്ജം എനിക്കുണ്ട്." വിറ്റസെക്കെതിരെ നടന്ന അവസാനത്തെ ഡച്ച് ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് ടെൻ ഹാഗ് പറഞ്ഞു.
"ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് മുന്നോട്ടു പോകുന്നത്. എന്റെ ബാറ്ററികൾ മാറ്റേണ്ട ഒരു സമയം തീർച്ചയായും വന്നേക്കാം, അത് ഇതിനിടയിൽ എപ്പോഴെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്." എറിക് ടെൻ ഹാഗ് വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമ്പോൾ നിരാശയിൽ നിൽക്കുന്ന ഒരു ടീമിനെ ഉയർത്തിയെടുക്കുക എന്ന വലിയ ഉത്തരവാദിത്വം ടെൻ ഹാഗിനു മുന്നിലുണ്ട്. അതിനദ്ദേഹത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്ന ആരാധകർ അടുത്ത സീസണിൽ ഏതൊക്കെ താരങ്ങളാണ് ടീമിലെത്തുകയെന്നും ഉറ്റു നോക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.