"റൊണാൾഡോ അസാമാന്യ പ്രതിഭ"- താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന സൂചനകൾ നൽകി എറിക് ടെൻ ഹാഗ്

Erik Ten Hag Want Ronaldo To Stay At Man Utd
Erik Ten Hag Want Ronaldo To Stay At Man Utd / James Gill - Danehouse/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന പ്രതീക്ഷ നൽകി ക്ലബിന്റെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്ന എറിക് ടെൻ ഹാഗ്. "അസാമാന്യപ്രതിഭ" എന്നു റൊണാൾഡോയെ വിശേഷിപ്പിച്ച എറിക് ടെൻ ഹാഗ് താരത്തിനൊപ്പം മുന്നോട്ടു പോകാൻ തന്നെയാണ് താൽപര്യമെന്നും വ്യക്തമാക്കി.

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമെന്ന് ഏതാനും ആഴ്‌ചകൾക്ക് മുൻപ് തന്നെ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ടെൻ ഹാഗ് പരിശീലകനായി എത്തുന്നതോടെ ക്ലബിൽ റൊണാൾഡോയുടെ സ്ഥാനം നഷ്‌ടപ്പെടുമോയെന്ന ആശങ്ക അതിനു ശേഷം ഉയർന്നു വന്നെങ്കിലും ടെൻ ഹാഗ് അതിനെയെല്ലാം തള്ളിക്കളഞ്ഞു.

"ഞാൻ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റൊണാൾഡോ ഒരു അസാമാന്യ പ്രതിഭയാണ്. ഇതുവരെ ചെയ്‌തതെല്ലാം അത് മനസിലാക്കി തരുന്നു, ഇപ്പോഴും താരത്തിന്റെ ആഗ്രഹങ്ങൾ അവസാനിച്ചിട്ടുമില്ല. തീർച്ചയായും താരത്തെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനതാരമാകാനും മികച്ച നേട്ടങ്ങൾ സൃഷ്‌ടിക്കാനും റൊണാൾഡോക്ക് കഴിയും." ടെൻ ഹാഗ് ദി ടെലെഗ്രാഫിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ റൊണാൾഡോ ക്ലബിൽ തുടരാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ ആരാധകർക്കും സംശയങ്ങളുണ്ട്. എന്നാൽ എറിക് ടെൻ ഹാഗിന് ആശംസകൾ നേർന്നതിനൊപ്പം അടുത്ത സീസണിൽ ഒരുമിച്ച് കിരീടങ്ങൾ നേടുമെന്ന റൊണാൾഡോയുടെ വാക്കുകൾ ആരാധകർക്ക് താരം തുടരുമെന്ന പ്രതീക്ഷ നൽകുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.