മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പദ്ധതികളിൽ അർജന്റീന താരത്തെ പ്രധാനിയാക്കാൻ എറിക് ടെൻ ഹാഗ്

Erik Ten Hag To Speed Up Garnacho's Involvement With Senior Team
Erik Ten Hag To Speed Up Garnacho's Involvement With Senior Team / Naomi Baker/GettyImages
facebooktwitterreddit

വരുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിൽ അർജന്റീന താരം അലക്‌സാൻഡ്രോ ഗാർനാച്ചോയെ കൂടുതൽ ഉപയോഗിക്കാൻ പരിശീലകനായ എറിക് ടെൻ ഹാഗ് ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിലുള്ള ഗർനാച്ചോയുടെ സാന്നിധ്യവും പങ്കാളിത്തവും വേഗത്തിലാക്കാൻ ഡച്ച് പരിശീലകൻ ആവശ്യപ്പെട്ടുവെന്ന് ദി മിറർ വെളിപ്പെടുത്തി.

2020ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ഗർനാച്ചോ കുറച്ചു മാസങ്ങളായി യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. മാർച്ചിൽ അർജന്റീന സീനിയർ ടീമിലേക്ക് വിളി വന്ന പതിനേഴുകാരനായ താരത്തിന് അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാനും കഴിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം എഫ്എ കപ്പ് യൂത്ത് കപ്പ് ഫൈനലിൽ രണ്ടു ഗോളുകൾ നേടി ശ്രദ്ധ പിടിച്ചു പറ്റിയ താരം പിന്നീട് അർജന്റീന U20 ടീമിന്റെ കൂടെ മൗറീസ് റെവല്ലോ ടൂർണമെന്റിൽ പങ്കെടുക്കുകയും നാലു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടി ടൂർണമെന്റിലെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനായി മാറുകയും ചെയ്‌തിരുന്നു.

ഗർനാച്ചോയുടെ ഉദയം എറിക് ടെൻ ഹാഗിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും താരത്തെ അടുത്ത സീസണിൽ ഫസ്റ്റ് ടീമിൽ ഉൾപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദി മിററിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ യൂത്ത് ടീം പരിശീലകനോട് താരത്തെക്കുറിച്ച് വിശദമായ റിപ്പോർട്ടും എഫ്എ കപ്പ് ഫൈനലിന്റെ വീഡിയോ കവറേജും നൽകാൻ ടെൻ ഹാഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

അർജന്റീന ഇതിഹാസതാരവും നിലവിൽ അർജന്റീന യൂത്ത് ടീം പരിശീലകനുമായ അലസാൻഡ്രോ മഷറാനോ വളരെയധികം പ്രതിഭയുള്ള താരമെന്നു വിശേഷിപ്പിച്ച ഗർനാച്ചോക്ക് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിന്റെ കൂടെ ആറു വർഷത്തെ കരാർ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.