മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചർച്ച നടത്താൻ എറിക് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കാൻ പരിശീലകൻ എറിക് ടെൻ ഹാഗ്. പ്രീ സീസണ് പരിശീലനത്തിനായി റൊണാൾഡോ ടീമിനൊപ്പം ചേരുമ്പോൾ ടെൻ ഹാഗ് താരത്തോട് സംസാരിക്കുമെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോക്ക് ക്ലബുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. എന്നാൽ, അനുയോജ്യമായ ഓഫറുകൾ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് താരം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, റൊണാൾഡോയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നില്ലെന്നും, താരത്തിന് വേണ്ടി ആരും യുണൈറ്റഡിനെ ഇത് വരെ സമീപിച്ചിട്ടില്ലെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പ്രീ-സീസൺ പരിശീലനത്തിനായി റൊണാൾഡോ തിരിച്ചെത്തുമ്പോൾ, താരത്തിന്റെ ആശങ്കകൾ മനസിലാക്കാൻ വേണ്ടി ടെൻ ഹാഗ് താരവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇത് വരെ ഒരു സൈനിങ്ങും മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കിയിട്ടില്ലെങ്കിലും, ഫെയെനൂർദ് താരം ടൈറൽ മലാസിയയെ സ്വന്തമാക്കുന്നതിനടുത്താണ് ചുവന്ന ചെകുത്താന്മാർ. ബാഴ്സലോണ താരമായ ഫ്രെങ്കി ഡി യോങ്, അയാക്സ് താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, ആന്റണി, ഫ്രീ ഏജന്റായ ക്രിസ്ത്യൻ എറിക്സൺ എന്നിവരിലും യുണൈറ്റഡിന് താത്പര്യമുണ്ട്.