ഫ്രെങ്കി ഡി യോങിനായുള്ള ശ്രമങ്ങൾ തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പറഞ്ഞ് എറിക് ടെൻ ഹാഗ്

ബാഴ്സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രെങ്കി ഡി യോങ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമാണ്. എന്നാൽ ഇത് വരെ താരത്തെ ടീമിലെത്തിക്കാൻ ചുവന്ന ചെകുത്താന്മാർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ താരത്തിന് വേണ്ടിയുള്ള ശ്രമം തുടരാനാണ് പരിശീലകൻ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന് നൽകിയിട്ടുള്ള നിർദ്ദേശം.
പ്രീമിയര്‍ ലീഗ് തുടങ്ങുമ്പോഴേക്കും താരത്തെ ടീമിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും താരത്തിനായുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുട്ബോൾ ഡയറക്ടർ ആയ ജോൺ മർട്ടോയോടും സിഇഓ ആയ റിച്ചാർഡ് അർനോൾഡിനോടും പറഞ്ഞതായി ദി ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
75 മില്യൺ യൂറോയും 10 മില്യൺ യൂറോ ആഡ് ഓണും വരുന്ന രീതിയിലൂള്ള കരാറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞയാഴ്ച ബാഴ്സലോണയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഡച്ച് താരം ഇതുവരെയും ബാഴ്സലോണ വിടാന്‍ തയ്യാറായിട്ടില്ല.
ഡച്ച് താരത്തിന് ബാഴ്സയില്‍ തുടരാനാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുണൈറ്റഡിലെത്തുമോ എന്ന കാര്യത്തില്‍ ഒരു പ്രതികരണവും ഡി യോങ് ഇതുവരെ നടത്തിയിട്ടില്ല.
അതേസമയം, ഡി യോങ് ഇപ്പോള്‍ ബാഴ്സലോണക്കൊപ്പം പ്രീ സീസണ് മത്സരങ്ങൾക്കായി മയാമിയിലേക്ക് തിരിച്ചിരിക്കുകയാണ്.