ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് അവസാനിപ്പിച്ച് എറിക് ടെന്‍ ഹഗ്

Ten Hag faces a battle to keep Ronaldo
Ten Hag faces a battle to keep Ronaldo / Matthew Ashton - AMA / Bryn Lennon
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് അവസാനിപ്പിച്ച് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. പ്രീ സീസണ്‍ മത്സരത്തിനായി മെല്‍ബണിൽ എത്തിയപ്പോഴായിരുന്നു ടെൻ ഹാഗ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയത്.

"ഞങ്ങള്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അതില്‍ നിന്ന് ഒരു മാറ്റവുമില്ല," ടെൻ ഹാഗ് വ്യക്തമാക്കി.

കുടംബപരമായ കാരണങ്ങള്‍ കൊണ്ടാണ് റൊണാൾഡോ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് വേണ്ടി ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം ചേരാത്തതെന്ന് നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും പരിശീലകന്‍ ടെന്‍ ഹാഗും വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ അടുത്ത സീസണിലേക്കുള്ള പദ്ധതിയുടെ ഭാഗമാണ് റൊണാൾഡോയെന്നും ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 37കാരനായ മുന്നേറ്റ താരത്തെ വില്‍ക്കാന്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് 90min മനസിലാക്കുന്നത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു ടീമായ ചെല്‍സി താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം താരത്തെ വേണ്ട എന്ന നിലപാടിലാണ് ബ്ലൂസ്.

മുന്നേറ്റത്തിലേക്ക് 50 മില്യൺ പൗണ്ട് നല്‍കി മാഞ്ചസ്റ്റര്‍ സിറ്റിയിൽ നിന്ന് റഹീം സ്റ്റെര്‍ലിങ്ങിനെ സ്വന്തമാക്കിയതും, റൊണാൾഡോ എത്തുകയാണെങ്കില്‍ ചെല്‍സിയുടെ മുന്നേറ്റനിരയുടെ സന്തുലിതാവസ്ഥ തകരുമോ എന്നുള്ള പരിശീലകന്‍ ടുഷേലിന്റെ ആശങ്കയും കാരണമാണ് റൊണാൾഡോക്കായുള്ള ശ്രമം ചെൽസി ഉപേക്ഷിച്ചത്.

നിലവില്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഓസ്ട്രേലിയയിലാണ് യുണൈറ്റഡ് ഉള്ളത്. തായ്‌ലന്‍ഡില്‍ നടന്ന പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് യുണൈറ്റഡ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു.