മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ പത്രസമ്മേളനത്തിൽ തന്നെ ക്ലോപ്പിനും പെപ്പിനും മുന്നറിയിപ്പുമായി ടെൻ ഹാഗ്


മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനത്തിൽ തന്നെ നിലവിൽ പ്രീമിയർ ലീഗിലെ അതികായന്മാരായി നിൽക്കുന്ന പരിശീലകരായ യർഗൻ ക്ലോപ്പിനും പെപ് ഗ്വാർഡിയോളക്കും മുന്നറിയിപ്പു നൽകി എറിക് ടെൻ ഹാഗ്. എല്ലാ കാലഘട്ടങ്ങൾക്കും ഒരു അവസാനമുണ്ടെന്നു പറഞ്ഞ ടെൻ ഹാഗ് ഇരുവരെയും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രീമിയർ ലീഗിൽ ഒരു കാലത്തു പ്രതാപികളായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കുറച്ചു കാലങ്ങളായി മോശം പ്രകടനമാണ് നടത്തുന്നത്. ഈ സീസണിൽ ടീം ആറാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കിയപ്പോൾ പ്രധാന എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും അവസാനനിമിഷം വരെ പ്രീമിയർ ലീഗ് കിരീടത്തിനായി പോരാടുകയും യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
Ten Hag believes Guardiola and Klopp's era could come to an end ? pic.twitter.com/T1Q47EXjGC
— ESPN FC (@ESPNFC) May 23, 2022
മികച്ച രണ്ടു പരിശീലകർക്കു കീഴിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും നടത്തുന്ന കുതിപ്പിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവരുടെ സമയവും അവസാനിക്കുമെന്ന് ടെൻ ഹാഗ് പറഞ്ഞത്. അതേസമയം ഈ രണ്ടു പരിശീലകരോടും തനിക്ക് ബഹുമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇപ്പോൾ ഞാനവരെ ബഹുമാനിക്കുന്നു, രണ്ടു പേരെയും വളരെ ബഹുമാനിക്കുന്നു. എന്നാൽ ഒരു കാലഘട്ടത്തിനു അവസാനം ഉണ്ടാകുമെന്ന് നമ്മൾ എല്ലായിപ്പോഴും കാണുന്നതാണ്. അവർ രണ്ടു പേരേക്കാൾ മികതാവാനാണ് ഞാൻ ശ്രമിക്കുന്നത്. പ്രീമിയർ ലീഗിലെ എല്ലാ ക്ലബുകൾക്കും അതായിരിക്കും ആഗ്രഹം." എറിക് ടെൻ ഹാഗ് പറഞ്ഞു.
ഗ്വാർഡിയോളയും ക്ലോപ്പും പ്രീമിയർ ലീഗ് വിടുന്നതിനു മുൻപു തന്നെ അവരുടെ ആധിപത്യം അവസാനിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയും എന്ന മറുപടി തന്നെയാണ് എറിക് ടെൻ ഹാഗ് നൽകിയത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിലെ പ്രതാപികളാക്കി ഉയർത്താൻ എത്ര സമയം വേണ്ടി വരുമെന്ന് തനിക്കറിയില്ലെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.